ചങ്ങാട സർവിസ് മാറ്റുന്നില്ല; അരൂർ-കുമ്പളങ്ങി പാലം നിർമാണത്തിന് തടസ്സം
text_fieldsഅരൂർ - കുമ്പളങ്ങി ചങ്ങാടത്തിൽ നിന്നിറങ്ങുന്ന യാത്രക്കാർ പാലംപണി നടക്കുന്ന സ്ഥലത്തുകൂടെ സഞ്ചരിക്കുന്നു
അരൂർ: കെൽട്രോൺ കടവിൽ അരൂർ -കുമ്പളങ്ങി പാലം നിർമാണം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ചങ്ങാട സർവിസ് മാറ്റുന്നില്ല. ചങ്ങാടത്തിലെത്തുന്ന യാത്രക്കാരും വാഹനങ്ങളും പാലംപണി നടക്കുന്നതിനിടയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് അപകടം വിതക്കുമെന്ന ആശങ്കപരത്തുന്നു.
ചങ്ങാടം ഇവിടെ അടുക്കുന്നത് മാറ്റിയാൽ മാത്രമേ, നിർമാണ സാമഗ്രികളും യന്ത്രസാമഗ്രികളും ഇവിടെ ഇറക്കി പാലം പണി വേഗത്തിലാക്കാൻ കഴിയൂ. ഇക്കാര്യം കരാറുകാരൻ അധികൃതരെ അറിയിച്ചിരുന്നതുമാണ്. എന്നിട്ടും നടപടിയുണ്ടായില്ല. പാലം പണി തുടങ്ങും മുമ്പ് കെൽട്രോൺ കടവിൽ നിന്ന് ഒരു കിലോമീറ്റർ അകലെ അമ്മനേഴം - കുമ്പളങ്ങി ജനതാ കടവിലേക്ക് ചങ്ങാട സർവിസ് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നടപ്പായില്ല. പാലം പണി ആരംഭിക്കുന്നതിനു മുമ്പ് തന്നെ പണിക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ല. ചങ്ങാട സർവിസ് മാറ്റാത്തത് മൂലം നിർമാണ സാമഗ്രികൾ ഇറക്കാനും കഴിയുന്നില്ലെന്ന് കരാറുകാരൻ പറയുന്നു. കുമ്പളങ്ങി പഞ്ചായത്തിനാണ് പാലം പണിക്കുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനുള്ള ചുമതല. ചിങ്ങം ഒന്നിന് തന്നെ നിർമാണം തുടങ്ങണമെന്ന് കരാറുകാരന് നിർബന്ധമുണ്ടായിരുന്നു. അതിനും കഴിഞ്ഞില്ല. സെപ്റ്റംബർ എട്ടിനാണ് പാലം പണി തുടങ്ങിയത്.
ശനിയാഴ്ച നിർബന്ധമായും ചങ്ങാട സർവിസ് മാറ്റുമെന്നാണ് ഉറപ്പു നൽകിയിരുന്നത്. എന്നു മാറ്റുമെന്ന് ഉറപ്പില്ലെന്നാണ് ഇപ്പോൾ പറയുന്നത്. കനാൽ ഡിപ്പാർട്ട്മെന്റിന്റെ പരിശോധന നടക്കാനുണ്ട്. കുമ്പളങ്ങി ജനത കടത്തുകടവിൽ ബോട്ട് ജെട്ടി നിർമാണം പൂർത്തിയായി കഴിഞ്ഞു. അരൂർ അമ്മനേഴം ജെട്ടിയിലെ ആഴം കൂട്ടലും ബോട്ട് ജെട്ടിയിൽ ഇടിക്കാതിരിക്കാനുള്ള തെങ്ങിൻ കുറ്റികൾ നാട്ടലും മറ്റും അരൂർപഞ്ചായത്ത് ചെയ്യണമെന്നാണ് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഏത് പഞ്ചായത്താണ് ചെയ്യേണ്ടതെന്നതിൽ വ്യക്തത വരുത്താൻ കഴിയാത്തതാണ് ജെട്ടി തയാറാക്കൽ അനന്തമായി നീളാൻ കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

