ആലപ്പുഴ: കോവിഡിെൻറ പ്രതിരോധവും പ്രായത്തിെൻറ അവശതയും മറന്ന് വയോദമ്പതികൾ കൈപിടിച്ച് വോട്ടിനെത്തി. കൈനകരി കുപ്പപ്പുറം അകത്തേച്ചിറ പുരുഷൻ (84), ഭാര്യ തങ്കമ്മ (79) എന്നിവരാണ് വോട്ടുെചയ്യാൻ ഒരുമിച്ചെത്തിയത്. കൈനകരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസക്കാരായ ഇരുവരുടെയും വോട്ട് കുപ്പപ്പുറം ഗവ. ഹൈസ്കൂളിലെ ബൂത്തിലായിരുന്നു.
കോവിഡ് മാനദണ്ഡങ്ങളിൽ ആദ്യം അൽപമൊന്ന് പകച്ചു. പിന്നെ ഒന്നും ആലോചില്ല. വള്ളത്തിൽനിന്നിറങ്ങി നേരെ ഭാര്യ തങ്കമ്മയുടെ കൈപിടിച്ച് ബൂത്തിലേക്ക് വെച്ചുപിടിപ്പിച്ചു. സാനിറ്റെസർ ഒഴിച്ച് കൈകൾ വൃത്തിയാക്കുന്നത് മുതൽ വോട്ടുകുത്തി മടങ്ങുന്നതുവരെ പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന ഭാര്യയെ കൈവിടാൻ ഒരുക്കമായില്ല. സഹായത്തിന് പലരുമെത്തിയെങ്കിലും അതിനൊന്നും തയാറായില്ല.
തിരികെ വള്ളത്തിലേക്ക് കയറി ഇരിപ്പിടം ഒരുക്കി മടങ്ങുംവരെ ആ കരുതൽ കൂടെയുണ്ടായിരുന്നു. അവശതയിലും മറ്റാരുടെയും സഹായമില്ലാതെ സമ്മതിദാനം വിനിയോഗിച്ചതിെൻറ സന്തോഷത്തിലാണ് യാത്രയായത്.