പ്രതിനിധികൾ എത്തിയല്ല; പുന്നമട ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം പിരിച്ചുവിട്ടു
text_fieldsആലപ്പുഴ: നിശ്ചയിച്ച പ്രതിനിധികൾ എത്താതിരുന്നതോടെ ഡി.വൈ.എഫ്.ഐ മേഖലസമ്മേളനം പിരിച്ചുവിട്ടു. ഞായറാഴ്ച കൊറ്റംകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുന്നമട മേഖല സമ്മേളനമാണ് നിർത്തിവെച്ചത്. കടുത്ത വിഭാഗീയതയെത്തുടർന്ന് ചില യൂനിറ്റ് ഭാരവാഹികളെ ഒഴിവാക്കിയതും പങ്കെടുക്കേണ്ടവർ ഗുരുവായൂരിലേക്ക് പോയതുമാണ് ആളുകൾ കുറയാൻ കാരണമെന്നാണ് വിവരം.
അംഗസംഖ്യക്ക് ആനുപാതികമായി സമ്മേളനത്തിന് 80 പ്രതിനിധികളാണ് എത്തേണ്ടത്. ഈസ്ഥാനത്ത് കേവലം 20ലധികം പേർ മാത്രമാണ് പങ്കെടുത്തത്. തുടർന്ന് ഉദ്ഘാടകനായെത്തിയ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയും നേതാക്കളും മടങ്ങിപ്പോയി. ആലപ്പുഴ നഗരസഭയിലെ നാലുവാർഡുകൾ ഉൾപ്പെടുന്ന പുന്നമട പ്രദേശത്ത് സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും ശക്തമായ വേരോട്ടമുണ്ട്. സ്വാഗതസംഘം രൂപവത്കരിച്ച് ആഴ്ചകളായി പ്രവര്‍ത്തിച്ചിട്ടും ഭൂരിഭാഗം പ്രതിനിധികൾ വിട്ടുനിന്നത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. 15 യൂനിറ്റ് സമ്മേളനങ്ങൾ നടക്കേണ്ടിടത്ത് 10 യൂനിറ്റ് സമ്മേളനങ്ങളാണ് നടന്നത്. അഞ്ചിടത്ത് യൂനിറ്റ് സമ്മേളനം പൂർത്തിയാക്കാതെയാണ് മേഖല സമ്മേളനം നടത്തിയത്. ഇത് ചിലയാളുകളെ മനപൂർവം ഒഴിവാക്കിയെന്ന പരാതിയുമുണ്ട്.
ജില്ലസെക്രട്ടറിയടക്കമുള്ള നേതാക്കൾ യോഗത്തിന് എത്തിയപ്പോൾ 20ലധികം പേരാണുണ്ടായിരുന്നത്. വിഭാഗീയത നിലനിൽക്കുന്ന പ്രദേശത്ത് സമ്മേളനം നടക്കുന്നദിവസം ഒരുവിഭാഗം പ്രതിനിധികളായ കുറച്ചുപേർ ഗുരുവായൂർക്ക് പറഞ്ഞുവിട്ടതായും ആരോപണമുണ്ട്. തുടർന്ന് ആളുകുറഞ്ഞതിനെച്ചൊല്ലി മേഖല നേതാക്കൾ തമ്മിൽ പരസ്പരം പരിചാഴി. തുടർന്ന് നേതൃത്വം ഇടപെട്ട് അടിയന്തരമായി മേഖല കമ്മിറ്റിയോഗം ചേർന്നാണ് സമ്മേളനം നിർത്തിവെച്ചത്.
യൂനിറ്റ് സമ്മേളനം പോലും നടത്താതെയാണ് മേഖലസമ്മേളനം നടത്തുന്നതെന്ന്, ജില്ലസെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഒരുവിഭാഗം നേതാക്കൾ അറിയിച്ചു. അതേസമയം, സമ്മേളനം നടത്താനുള്ള സാഹചര്യമുണ്ടായിട്ടും നടത്താത്തത് ചിലരുടെ താൽപര്യമാണെന്നും ഇവരുടെ പ്രേരണയിലാണ് ഒരുസംഘം ഗുരുവായൂരിലേക്ക് പോയതെന്നും പറയപ്പെടുന്നു. എന്നാൽ, പ്രാദേശിക സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ എതിര്‍പ്പാണ് സമ്മേളനത്തിലേക്ക് ആളുകൾ കുറഞ്ഞതെന്നും പറയപ്പെടുന്നുണ്ട്. സംഘാടനപരമായ നടപടിക്രമം പാലിച്ചുമാത്രമേ സമ്മേളനം നടത്താൻ കഴിയൂവെന്നും അതിനാലാണ് മാറ്റിവെച്ചതെന്നുമാണ് നേതാക്കളുടെ വിശദീകരണം. മേഖലസമ്മേളനം ചിട്ടയായി നടത്തുന്നതിൽ സി.പി.എമ്മിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

