ആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ പുലിമുട്ട് നിര്‍മാണം അടുത്ത മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ആറാട്ടുപുഴ പഞ്ചായത്തിലെ കിളിമുട്ടും കടവത്ത് പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പിലാക്കും.
ഹരിപ്പാട് നടന്ന മൈനര്‍-മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ കേരള ഇറിഗേഷൻ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പറേഷന് മുഖേന നടന്നുവരുന്ന ടെട്രാപോഡുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ യോഗം വിലയിരുത്തി.
നല്ലാണിക്കല്‍ ഭാഗത്തെ 9.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കടല്‍ക്ഷോഭം രൂക്ഷമായ പെരുമ്പള്ളി ഭാഗത്തെ കടല്‍ഭിത്തി നിര്‍മാണത്തിന് 23.53 കോടിയുടെ പുതിയ പ്രൊപ്പോസൽ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. പുളിക്കീഴ് ആറ്റിലെ റെഗുലേറ്റര്‍-കം ബ്രിഡ്ജിെൻറ നിര്‍മാണം ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കുട്ടനാട് മേഖലയുടെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ വര്‍ക്കുകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഹരിപ്പാട് മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല അറിയിച്ചു.