തകർന്ന റോഡിന് കാവലായി പൊതുമരാമത്ത് ബോർഡ്
text_fieldsജനങ്ങൾ കാവൽക്കാരാണെന്ന് ഓർമിപ്പിക്കുന്ന പൊതുമരാമത്തിന്റെ ബോർഡ്
അരൂർ: റോഡ് തകർന്നാൽ ഉടൻ പരിഹാരം ഉണ്ടാക്കാൻ നാട്ടുകാർ കാവൽക്കാരാകണം എന്നെഴുതിയ പൊതുമരാമത്ത് സ്ഥാപിച്ച ബോർഡ് കാവൽ നിൽക്കുന്ന അരൂർ കെൽട്രോൺ റോഡ് തകർന്ന് തുടങ്ങി. അരൂർ ഗ്രാമപഞ്ചായത്തിൽ കെൽട്രോൺ കവലയിൽനിന്ന് കുമ്പളങ്ങി ഫെറിവരെ ഒരു കിലോമീറ്റർ നീളുന്ന റോഡാണ് നിറയെ കുഴികളായി തകർന്നത്.അരൂർ-കുമ്പളങ്ങി പാലം പണി ആരംഭിച്ചതുകൊണ്ട് ഗതാഗതത്തിന് കുറവുണ്ടെങ്കിലും കെൽട്രോൺ ഉൾപ്പെടെയുള്ള നിരവധി വ്യവസായ സ്ഥാപനങ്ങളിലേക്ക് കണ്ടെയ്നർ ലോറി ഉൾപ്പെടെ കടന്നുപോകുന്ന റോഡാണിത്.
റോഡ് തകർന്നാൽ ഉടൻ പരിഹരിക്കാൻ റണ്ണിങ് കോൺട്രാക്ട് നൽകിയിട്ടുള്ള റോഡാണെന്ന് അറിയിച്ചുകൊണ്ടാണ് പൊതുമരാമത്തിന്റെ മുന്നറിയിപ്പ് ബോർഡ് കെൽട്രോൺ കവലയിൽ മാസങ്ങൾക്കു മുമ്പ് സ്ഥാപിച്ചിരിക്കുന്നത്. തകർന്നുകിടന്ന അരൂർ കെൽട്രോൺ-കുമ്പളങ്ങി ഫെറിറോഡ് ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് അറ്റകുറ്റപ്പണി നടത്താൻ തയാറായത്. പൊതുമരാമത്തിന്റെ കീഴിലുള്ള റോഡായതുകൊണ്ട് പഞ്ചായത്തിന് നിർമാണം നടത്താൻ സാധിക്കുമായിരുന്നില്ല.
വിവിധ സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയ ശേഷമാണ് റോഡിന്റെ തകർന്ന ഭാഗങ്ങൾ ശരിയാക്കാൻ പൊതുമരാമത്ത് തയാറായത്. അതിനു പുറകെ 2025 ജൂൺ മുതൽ 2026 ജൂൺ വരെ ഒരു വർഷം റോഡിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതിന് പൊതുമരാമത്ത് റണ്ണിങ് കരാർ നൽകിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചാണ് പൊതുമരാമത്ത് വകുപ്പ് കെൽട്രോൺ കവലയിൽ റോഡിന്റെ അരികിൽ ഒരു ബോർഡ് സ്ഥാപിച്ചിക്കുന്നത്.
2026 ജൂൺ 24വരെ ഉണ്ടാകുന്ന തകരാറുകൾക്ക് പരിഹാരം ഉണ്ടാക്കാൻ കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും രേഖപ്പെടുത്തിയ ഫോൺ നമ്പറുകളിലേക്ക് അറിയിക്കണം എന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പറുകളിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

