ജനസേവനം കൊള്ളയല്ല: ഇടത് ഭരണകാലത്തെ അഴിമതികൾ വെളിപ്പെടുത്തി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം
text_fieldsസിയാദ് കോട്ടയിലിന്റെ
ഫേസ്ബുക്ക് കുറിപ്പ്
കായംകുളം: കഴിഞ്ഞ ഇടതു നഗര ഭരണത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടുന്ന സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ സാമൂഹിക മാധ്യമ കുറിപ്പ് ചർച്ചയാകുന്നു. കഴിഞ്ഞ ഭരണ സമിതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് എരുവ ലോക്കൽ കമ്മിറ്റി അംഗം സിയാദ് കോട്ടയിലിന്റെ കുറിപ്പ്. ഇദ്ദേഹത്തിന്റെ ഭാര്യ ഷാമില കഴിഞ്ഞ തവണ കൗൺസിലറായിരുന്നു. ഇത്തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാർട്ടിക്കുള്ളിലെ കാലുവാരലാണ് പരാജയത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്. സിയാദിന് സീറ്റ് നിഷേധിച്ചതിന് പിന്നിലും വിഭാഗീയതയാണെന്ന ആക്ഷേപം നിലനിൽക്കെയാണ് തുറന്നുപറച്ചിൽ.
ജനസേവനം എന്നത് ജനങ്ങളെ കൊള്ളയടിക്കലാകരുതെന്ന തരത്തിലാണ് കുറിപ്പ് തുടങ്ങുന്നത്. സ്വന്തം നേട്ടത്തിനും പണമുണ്ടാക്കുന്നതിനും മാത്രമുള്ള മാർഗമായി രാഷ്ട്രീയ പ്രവർത്തനത്തെ കാണുന്ന പ്രവണത പൊതുജനങ്ങൾ കാണുന്നില്ലേയെന്ന് സിയാദ് ചോദിക്കുന്നു. കഴിഞ്ഞ 10 വർഷത്തെ നഗരസഭ ഭരണകാലയളവിൽ അനധികൃതമായി പണിതുയർത്തിയ നിരവധി കെട്ടിടങ്ങളുണ്ട്. ഇതിന് നിർമാണാനുമതി നൽകിയതിൽ വമ്പൻ അഴിമതി നടന്നതായി പരോക്ഷമായി കുറ്റപ്പെടുത്തുന്നു. സസ്യ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലെ കോടികളുടെ അഴിമതി, നഗരസഭ കെട്ടിട പുനരുദ്ധാരണ മറവിലെ കൊള്ള, നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തിയ ബസ് സ്റ്റാൻഡിന് ഏറ്റെടുക്കാൻ ലക്ഷ്യമിട്ട സ്ഥലം സ്വകാര്യ വ്യക്തിക്ക് കൈമാറിയത് എന്നിവയിലെല്ലാം അഴിമതി നടന്നതായി ആരോപിക്കുന്നു.
നഗരസഭയിലെ പഴയ ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലുണ്ടായ തീപിടിത്തം ബോധപൂർവം നടത്തിയതാണെന്ന വെളിപ്പെടുത്തലുമുണ്ട്. അഴിമതിയിലേക്ക് വെളിച്ചം വീശുന്ന പല ഫയലുകളും അന്ന് നശിച്ചിരുന്നു. എന്നാൽ ഇതിന്റെ പകർപ്പുകൾ പലരുടെയും കൈവശമുള്ളതിനാൽ അന്നത്തെ ഭരണനേതൃത്യം കരുതിയിരിക്കുന്നത് നല്ലതാണെന്ന മുന്നറിയിപ്പുമുണ്ട്. നിയമസഭ- പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങിയവരാണ് നഗരസഭയിലും കളത്തിലുണ്ടായിരുന്നതെന്നും വെളിപ്പെടുത്തുന്നു. അഴിമതികൾ സംബന്ധിച്ച് തെളിവുകൾ സഹിതമുള്ള പരാതി പാർട്ടി നേതൃത്വത്തിന് നൽകിയതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

