Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറേഷൻ കരിഞ്ചന്ത:...

റേഷൻ കരിഞ്ചന്ത: രാത്രിയും പരിശോധനക്ക് പൊതുവിതരണ വകുപ്പ്

text_fields
bookmark_border
ration distribution
cancel

ആലപ്പുഴ: കരിഞ്ചന്തക്കെതിരെ രാത്രികാല പരിശോധന ജില്ലയിൽ കർശനമാക്കാൻ പൊതുവിതരണ വകുപ്പ് തീരുമാനം. രാത്രികാല സ്ക്വാഡ് ഉൾപ്പെടെ നടപടികൾക്കായി സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറെ കാണുന്നതിനാണ് തീരുമാനിച്ചത്. അടുത്ത നാളിൽ റേഷൻ കരിഞ്ചന്ത വർധിക്കുന്ന സാഹചര്യത്തിലാണിത്.

രാത്രി റേഷൻ സാധനങ്ങൾ കടത്തുന്നതായി പൊലീസിന് പരാതി ലഭിച്ചു തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ രാത്രി പരിശോധനക്ക് എത്താറില്ലെന്നും റേഷൻ‍ ഇൻസ്പെക്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന വാദം നിരത്തുകയാണെന്നും ആരോപണം ഉയർന്നിരുന്നു. പരാതികൾ കൂടിയ സാഹചര്യത്തിൽ രാത്രികാല പ്രത്യേക സ്ക്വാഡുകൾ തുടങ്ങാൻ പദ്ധതിയിട്ടുണ്ടെന്നും ഇതിനായുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ജില്ല സപ്ലൈ ഓഫിസർ ടി. ഗാനാദേവി അറിയിച്ചു. മാവേലിക്കര മേഖലയിൽ കരിഞ്ചന്ത പൂഴ്ത്തിവെപ്പ് കേസുകൾ കുറക്കാൻ റേഷൻ കടകൾ പരിശോധിക്കുന്ന സമയത്തുതന്നെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളും പരിശോധിക്കും.

ഓട്ടോയിൽ കടത്താൻ ശ്രമിച്ച 10 ചാക്ക് റേഷനരിയുമായി കഴിഞ്ഞ വ്യാഴാഴ്ച രാത്രി യുവാവിനെ കൊമ്മാടിയിൽനിന്ന് നോർത്ത് പൊലീസ് പിടികൂടിയതാണ് ഏറ്റവും ഒടുവിലെ സംഭവം. ബൈപാസിൽ വെച്ച് പൊലീസിനെ കണ്ട് സർവിസ് റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പാതിരപ്പള്ളി, തുമ്പോളി ഭാഗങ്ങളിൽനിന്ന് റേഷൻ‌ കടകളിൽ നിന്ന് വാങ്ങിയ അരിയാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

അതിനിടെ റേഷൻ സാധനങ്ങൾ കടത്തുന്നത് വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ റേഷൻ കടയിൽ അധികമായി സൂക്ഷിച്ചിരുന്ന 11 ചാക്ക് അരി കണ്ടെത്തി. മാളികമുക്കിലെ റേഷൻ കടയിൽ നിന്നായിരുന്നു പച്ചരിയും പുഴുക്കലരിയും നിറച്ച 11 ചാക്ക് അരി പിടിച്ചെടുത്തത്. വിൽപന നടത്താതെ സൂക്ഷിച്ചിരുന്ന അരിയാണിത്. പ്രദേശത്തുനിന്ന് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയ 12 ചാക്ക് അരി കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.

അനർഹമായി മുൻഗണന കാർഡുകൾ കൈവശമുള്ളവരെ കണ്ടെത്താൻ 'ഓപറേഷൻ യെലോ' പദ്ധതി ജില്ലയിൽ ഉടൻ തുടങ്ങും. റേഷൻ കാർഡുകൾ സ്വമേധയാ തിരികെ ഏൽപിക്കുന്നതിന് അവസരങ്ങൾ നൽകിയിട്ടും മുൻഗണന വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർ‍ന്നാണിത്. ജില്ലയിലെ ആകെ 6,14,125 കാർഡ് ഉടമകളിൽ 2,72,532 പേരാണ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

Show Full Article
TAGS:ration shopsnight inspectioncivil suppies
News Summary - Public Distribution Department for night inspection of ration shops
Next Story