കോവിഡ് പരിശോധനയിൽ അനാസ്ഥ: ആരോഗ്യകേന്ദ്രത്തിനുമുന്നിൽ പ്രതിഷേധം
text_fieldsചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ മെഡിക്കൽ ഓഫിസർ ഗുരുതര അനാസ്ഥ കാട്ടുന്നതായി പരാതി. കോവിഡ് പരിശോധനക്കെത്തിയ നാട്ടുകാർ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചു. ശനിയാഴ്ചയും ആർ.ടി.പി.സി.ആർ ടെസ്റ്റിനായെത്തിയ നൂറോളം തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും നിരാശരായി മടങ്ങേണ്ടിവന്നു. രണ്ടുദിവസം മുമ്പ് ഇവിടെ ജനപ്രതിനിധികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരും കോവിഡ് ടെസ്റ്റിന് എത്തി കാത്തിരുന്നിട്ടും അധികൃതരുടെ അനാസ്ഥമൂലം കഴിഞ്ഞിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് പറഞ്ഞു.
വെള്ളി, ശനി ദിവസങ്ങളിൽ പരമാവധി പേർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുമെന്ന സർക്കാർ അറിയിപ്പിനെത്തുടർന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ശനിയാഴ്ച രാവിലെ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. എന്നാൽ, മെഡിക്കൽ ഓഫിസർ സ്ഥലത്തുണ്ടായിരുന്നില്ല. ഡ്യൂട്ടി ഡോക്ടറും ചില ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഉച്ചവരെ കാത്തിരുന്നവർ പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ ജനപ്രതിനിധികളും എത്തി ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ച നടത്തി. ഉച്ചക്ക് രണ്ടോടെ ക്രമീകരണം ഉണ്ടാകുമെന്ന് സബ് കലക്ടർ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും കുേറസമയം കാത്തിരുന്നശേഷം ആളുകൾ മടങ്ങുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തുന്നതിലും വാക്സിനേഷൻ നടത്തുന്നതിലും മെഡിക്കൽ ഓഫിസർ സ്ഥിരം അനാസ്ഥ കാട്ടുന്നതായി ജനപ്രതിനിധികളും പരാതിപ്പെട്ടു. മെഡിക്കൽ ഓഫിസർക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ജനപ്രതിനിധികൾ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ബൈജു, വേണു കാവേരി, അനിൽ പുന്നക്കാകുളങ്ങര, രതി, അജയഘോഷ്, രാജലക്ഷ്മി തുടങ്ങിയവർ പ്രതിഷേധസ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

