ആലപ്പുഴ: മാധ്യമങ്ങൾക്ക് വിലങ്ങിടുന്നതിലൂടെ പൗരന്റെ അവകാശങ്ങളെത്തന്നെയാണ് ഹനിക്കുന്നതെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഭരണകൂടത്തിന് മുന്നിൽ അടിയറവ് പറയാതെ നിവർന്നുനിൽക്കുന്നവരെ ഇല്ലാതാക്കാൻ നോക്കുകയാണ്. മീഡിയവൺ ചാനലിനെ വിലക്കിനിർത്തി എതിർശബ്ദങ്ങളെ തകർക്കാനാണ് ശ്രമം. ഇതിനെതിരെ കേരളം ഒറ്റക്കെട്ടാണ്. ഈ ഐക്യത്തിലൂടെ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിനെ വിലക്കിയ നടപടിക്കെതിരെ ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച ബഹുജനപ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർശബ്ദങ്ങളെ ഭയക്കുന്ന ഭീരുത്വമാണ് കേന്ദ്ര ഭരണകൂടത്തിന്റേതെന്ന് കെ.പി.സി.സി രാഷട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സൗഹൃദവേദി ചെയർമാൻ നെടുമുടി ഹരികുമാർ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ എ.എ. ഷുക്കൂർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി സനൂപ്, സി.പി.ഐ ജില്ല കൗൺസിൽ അംഗം പി.പി. ഗീത, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഹക്കീം പാണാവള്ളി, സൗഹൃദ വേദി സെക്രട്ടറി ഡോ. ഒ. ബഷീർ, മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു. ഷൈജു, ബേബി പുറക്കാടൻ, സതേൺ സ്റ്റാർ ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.