ജില്ലയിലെ പുലിമുട്ട് നിർമാണം; ഒന്നാംഘട്ടം പൂർത്തീകരണത്തിലേക്ക്
text_fieldsതീരദേശത്ത് പുരോഗമിക്കുന്ന പുലിമുട്ട് നിർമാണം
ആലപ്പുഴ: ജില്ലയിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണത്തിന്റെ ഒന്നാംഘട്ടം പൂർത്തീകരണത്തിലേക്ക്. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ നിയോജക മണ്ഡലത്തിലെ കാട്ടൂർ, അമ്പലപ്പുഴ, വട്ടച്ചാൽ, പതിയങ്കര, ആറാട്ടുപുഴ ഭാഗങ്ങളിൽ കടൽത്തീരത്തിന്റെ സംരക്ഷണത്തിനായി 11.26 കിലോമീറ്ററിലാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. കരയിൽനിന്ന് കടലിലേക്ക് തള്ളിനിൽക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറക്കാനും തീരം നഷ്ടപ്പെടുന്നത് പ്രതിരോധിക്കാനുമാകും. ഇതുവഴി കൂടുതൽ മണൽ അടിഞ്ഞ് സ്വാഭാവിക തീരം രൂപംകൊള്ളുകയും ചെയ്യും.
കിഫ്ബി ധനസഹായത്തോടെ 2018ൽ ആരംഭിച്ച പ്രവൃത്തികൾ 98 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. 223.18 കോടി രൂപ വിനിയോഗിച്ചാണ് ഇവയുടെ നിർമാണം. ആർ.സി.സി.എൽ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഈമാസം അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം. ആലപ്പുഴ മണ്ഡലത്തിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കാട്ടൂരിൽ 3.16 കിലോമീറ്ററിൽ 34 പുലിമുട്ടുകൾ നിർമിക്കുന്നതിൽ 33 എണ്ണം പൂർത്തിയായി. ഒരെണ്ണത്തിന്റെ പണികൾ പുരോഗമിക്കുന്നു. 72.64 കോടി രൂപയാണ് നിർമാണച്ചെലവ്.
അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലായി കാക്കാഴം മുതൽ പുന്നപ്ര വരെ 3.60 കിലോമീറ്ററിൽ 30 പുലിമുട്ടുകളും 30 മീറ്റർ കടൽഭിത്തിയുമാണ് നിർമിക്കുന്നത്. ഇതിൽ കടൽഭിത്തിയുടെയും 29 പുലിമുട്ടുകളുടെയും നിർമാണം പൂർത്തിയായി. ഒരെണ്ണം പുരോഗമിക്കുകയാണ്. 69.19 കോടി രൂപയാണ് ചെലവ്. പ്രദേശത്തെ 760ലധികം കുടുംബങ്ങള്ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇതിലൂടെ പ്രയോജനം ലഭിക്കും.
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴയിൽ 1.20 കിലോമീറ്ററിൽ 21 പുലിമുട്ടുകളുടെയും 40 മീറ്റർ കടൽഭിത്തിയുടെയും നിർമാണം പൂർത്തീകരിച്ചു. 42.75 കോടി രൂപയാണ് ഇതിന്റെ നിർമാണച്ചെലവ്. വട്ടച്ചാലിൽ 43.05 കോടി രൂപ ചെലവിൽ 1.80 കിലോമീറ്ററിൽ 16 പുലിമുട്ടുകളും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ 30.35 കോടി രൂപ ചെലവിൽ 1.50 കിലോമീറ്ററിൽ 13 പുലിമുട്ടുകളും പൂർത്തീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല മണ്ഡലത്തിലെ ഒറ്റമശ്ശേരി, ആലപ്പുഴ മണ്ഡലത്തിലെ കാട്ടൂർ-പൊള്ളത്തൈ, അമ്പലപ്പുഴ മണ്ഡലത്തിലെ കക്കാഴം, ഹരിപ്പാട് മണ്ഡലത്തിലെ വട്ടച്ചാൽ, നെല്ലാനിക്കൽ തുടങ്ങിയ ഇടങ്ങളിലും പുലിമുട്ട് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കും.
നെല്ലാനിക്കൽ ഭാഗത്ത് നാല് പുലിമുട്ടുകൾ, കാക്കാഴം ഭാഗത്ത് 19 ചെറിയ പുലിമുട്ടുകൾ, കാട്ടൂർ-പൊള്ളത്തൈ ഭാഗത്ത് ഒമ്പത് പുലിമുട്ടുകൾ, ഒറ്റമശ്ശേരി ഭാഗത്ത് ഒമ്പത് പുലിമുട്ടുകൾ എന്നിങ്ങനെയാണ് നിർമിക്കുക. ഇതിനായി 107.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ തീരസംരക്ഷണത്തിനും കടൽക്ഷോഭം തടയാനും ജിയോ ബാഗ് ഉപയോഗിച്ചിട്ടുള്ള താൽക്കാലിക സംരക്ഷണഭിത്തിയും ജില്ലയിലൊരുക്കിയിട്ടുണ്ട്. ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്തിൽ വലിയഴീക്കൽ, പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ എന്നിവിടങ്ങളിൽ 500 മീറ്റർ നീളത്തിൽ ഇത്തരത്തിൽ താൽക്കാലിക സംരക്ഷണഭിത്തി നിർമിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പാനൂർ, പ്രണവം ജങ്ഷൻ എന്നിവിടങ്ങളിൽ 800 മീറ്റർ നീളത്തിലും അരൂർ മണ്ഡലത്തിലെ പട്ടണക്കാട് പഞ്ചായത്തിൽ പോളക്കൽ, അന്ധകാരനഴി എന്നിവിടങ്ങളിൽ 75 മീറ്റർ നീളത്തിലും ജിയോ ബാഗ് ഉപയോഗിച്ചുള്ള താൽക്കാലിക സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

