ക്രിസ്മസ് വിപണിയിൽ വിലക്കയറ്റം; മുട്ട വില, തൊട്ടാൽ പൊള്ളും
text_fieldsആലപ്പുഴ: ക്രിസ്മസ് വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടക്ക് തൊട്ടാൽ പൊള്ളുംവില. ശൈത്യകാലമായതിനാൽ മുട്ടക്കും ഇറച്ചിക്കും ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധനവ്.
ശൈത്യകാലത്തെ തണുപ്പ് തരണം ചെയ്യാൻ വടക്കേ ഇന്ത്യയിൽ ആഘോഷങ്ങൾക്കും മറ്റ് പരിപാടികൾക്കും മുട്ടയും ഇറച്ചിയുമാണ് ഉപയോഗിക്കുന്നത്. ഇതാണ് ഒരുകാരണം. നാമക്കലിൽ മുട്ടവില ഉയർന്നതും തിരിച്ചടിയായി. കേരളത്തിൽ ദിനംപ്രതി രണ്ടുകോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്. ലൈവ് ചിക്കൻ 135-140 രൂപയാണ് വില. താറാവിന് (ഡ്രസ് ചെയ്തത്) 400-430 രൂപവരെയും വിലയുണ്ട്. ഇത് ക്രിസ്മസ്-പുതുവത്സര ദിനങ്ങളടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു. മുട്ടവില നിശ്ചയിക്കുന്ന നാഷനൽ എഗ് കോഓഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്നവിലയാണിത്. സാധാരണ ഡിസംബറിൽ മുട്ടവില കൂടാറുണ്ട്.
കഴിഞ്ഞവർഷം ഇതേദിവസം 5.90 രൂപയായിരുന്നു വില. പക്ഷേ, ഇത്രയും ഉയർന്നിട്ടില്ല. കേക്ക് വിപണി സജീവമായതോടെ ബേക്കറി ഉടമകൾ വൻതോതിൽ മുട്ട വാങ്ങിയതും വില ഉയരാൻ കാരണമായി.
പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്-പുതുവത്സര സീസൺ. ഡിസംബർ- ജനുവരി മാസത്തെ കച്ചവടത്തിൽനിന്നാണ് ഉൽപാദന ചെലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. പണയം വെച്ചും വായ്പയെടുത്തും കൃഷിയിറക്കുന്നവരുടെ പ്രതീക്ഷക്കാലംകൂടിയാണിത്. എന്നാൽ, കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി-താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തുടർച്ചയായുള്ള വിപണി ഇടിവിനെത്തുടർന്ന് കർഷകർ കൃഷിയിറക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

