വിലക്കയറ്റം, പക്ഷിപ്പനി; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ
text_fieldsആലപ്പുഴ: സാധനങ്ങളുടെ വിലക്കയറ്റവും പക്ഷിപ്പനിയും നിമിത്തം ജില്ലയിലെ ഹോട്ടൽ മേഖല പ്രതിസന്ധിയിൽ. വെളിച്ചെണ്ണ, അരി, ചിക്കൻ, മുട്ട, പരിപ്പ് എന്നിവയ്ക്കടക്കം ഉണ്ടായ വിലവർധന ഹോട്ടലുകളെ കാര്യമായി ബാധിച്ചു. അതിനൊപ്പമാണ് പക്ഷിപ്പനിയും പക്ഷിവിഭവങ്ങൾ വിളമ്പുന്നതിന് നിരോധനവുമെത്തിയത്. തൊഴിലാളിക്ഷാമവും രൂക്ഷമാണ്.
ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ചെങ്കില് മാത്രമേ ഹോട്ടലുകളില്‍ കച്ചവടം ലഭിക്കുകയുള്ളൂ. ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങുമ്പോള്‍ ബ്രാൻഡ് അനുസരിച്ച് 380 മുതല്‍ 500 രൂപവരെ വില നല്‍കണം. മട്ട അരിക്ക് 50-60 രൂപയാണ് കിലോയ്ക്ക് വില. കോഴിയിറച്ചിക്ക് കിലോ 175 രൂപയാണ്. പക്ഷിപ്പനി വന്നതോടെ ചിക്കൻ വിഭവങ്ങൾക്ക് വില കൂടുകയാണുണ്ടായത്. സാധാരണ പക്ഷിപ്പനിക്കാലത്ത് ചിക്കന്‍ വില കുറയുന്നതിനാണ് ഇക്കുറി മാറ്റംവന്നത്.
മേഖലയില്‍ വലിയ മത്സരമുള്ളതിനാല്‍ ഭക്ഷണ വില ഉയർത്താനാവില്ലെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നും ബംഗാളില്‍ നിന്നുള്ളവരുമാണ് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരിലേറെയും. അസമിലും ബംഗാളിലും തെരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലാളികള്‍ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായും കുറേപ്പേർ നാട്ടിലേക്ക് പോയി. ഭക്ഷണം പാകംചെയ്യാനും വിളമ്പാനും ക്ലീനിങ് ജോലികള്‍ക്കും തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
പക്ഷിപ്പനിബാധ ഏറിയതോടെ ഫ്രോസൻ ചിക്കൻ ഉപയോഗിക്കുന്നതുപോലും വിലക്കുന്ന സ്ഥിതിയുണ്ടായി. ഇതിനെതിരെ ഒരുദിവസം ജില്ലയിൽ ഹോട്ടലുകൾ അടച്ചിട്ട് സമരം നടത്തി. എന്നിട്ടും ഇളവുകൾ നൽകിയിട്ടില്ല. വേനൽക്കാലമായതോടെ ജില്ലയിലേക്ക് വിനോദ സഞ്ചാരികൾ ധാരാളം എത്തുന്നുണ്ട്. ഇറച്ചിക്കോഴി വിഭവങ്ങൾ തടയപ്പെടുന്നത് ഹോട്ടലുകളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു. വീട്ടിൽ ഊണ്, തട്ട്കടകൾ തുടങ്ങിയവയും ഹോട്ടലുകൾക്ക് തിരിച്ചടിയാണ്. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഭക്ഷണശാലകളെയാണ് വിലവർധന കുടുതൽ പ്രതിസന്ധിയിലാക്കുന്നത്.
‘ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് ലഭ്യമാക്കണം’
ആലപ്പുഴ: സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് വിതരണം ചെയ്യാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ. ഭക്ഷ്യസാധനങ്ങൾക്ക് അമിതമായ വിലക്കയറ്റം ഉണ്ടാകുമ്പോൾ നിയന്ത്രിക്കാൻ പൊതുവിപണിയിൽ സർക്കാർ ഇടപെടണം. കോഴിയിറച്ചിക്ക് ഇപ്പോൾ വില കയറിയിട്ടുണ്ട്. ഇതിനുപരിഹാരമായി കർഷകർക്ക് നമ്മുടെ നാട്ടിൽ കോഴി ഫാമുകൾ തുടങ്ങാനുള്ള പ്രോത്സാഹനം ചെയ്യണം. നിലവിലെ വലിയ പ്രതിസന്ധി തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള നാട്ടിൽപോകുന്നതാണ്. എസ്.ഐ.ആറിന്റെ പേരിലാണ് ഇത്. രാജ്യത്ത് എവിടെ തൊഴിൽ ചെയ്യുന്നവർക്കും അതാതിടങ്ങളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകണമെന്നും അസോസിയേഷൻ ജില്ല പ്രസിഡന്റ് നാസർ ബി. താജ് ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

