ആർപ്പോ ഇർറോ ആവേശത്തുഴക്ക് ഒരുക്കം തുടങ്ങി
text_fieldsആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പൂരമായ നെഹ്റുട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിച്ചതോടെ ഒരുക്കം തുടങ്ങി. വള്ളംകളി ആഗസ്റ്റ് 30ന് നടത്താനാണ് നെഹ്റുട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റി നിർവാഹക സമിതി യോഗം തീരുമാനിച്ചത്. സ്പോൺസർമാരെ കണ്ടെത്താനും സ്റ്റാർട്ടിങ്-ഫിനിഷിങ് ഡിവൈസ് തെരഞ്ഞെടുക്കാനും ടെക്നിക്കൽ കമ്മിറ്റി പ്രവർത്തനം വേഗത്തിലാക്കും.
27ന് നടക്കുന്ന എൻ.ടി.ബി.ആർ യോഗത്തിൽ ടെക്നിക്കൽ കമ്മറ്റി റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാവും ഏത് ഡിവൈസാണ് വള്ളംകളിക്ക് ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളുടെ സാങ്കേതികവിദ്യയുമായി മൂന്ന് ടീമുകളാണ് എത്തിയിട്ടുള്ളത്. ഇവയുടെ പ്രവർത്തനം പുന്നമടക്കായലിൽ പരീക്ഷിച്ച് കൃത്യത പരിശോധിക്കും. ഇതിനുശേഷമാവും ടെക്നിക്കൽ കമ്മിറ്റി അന്തിമതീരുമാനമെടുക്കുക.
മുൻ വർഷങ്ങളിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിലടക്കം ഉയർന്ന പരാതികളും കേസുകളും കണക്കിലെടുത്താണ് സ്റ്റാർട്ടിങും ഫിനിഷിങ്ങും കൂടുതൽ കൃത്യമക്കാൻ ശ്രമിക്കുന്നത്. വള്ളംകളി സംഘാടനം കുറ്റമറ്റതാക്കാൻ വേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് സി.കെ. സദാശിവൻ, കെ.കെ. ഷാജു, ആർ.കെ. കുറുപ്പ് എന്നിവർ റിപ്പോർട്ട് തയാറാക്കും. വള്ളംകളി പ്രഫഷനൽ ടച്ചോടെയാവും ഇക്കുറി നടത്തുക.
വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വള്ളംകളി നഷ്ടത്തിലായ സാഹചര്യത്തിൽ ഈവർഷം പരസ്യം കണ്ടെത്താൻ ഏജൻസിയെ നിയോഗിക്കും. വിജയിയെ നിശ്ചയിക്കാൻ ഫിനിഷിങ് പോൾ കടക്കണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്. 2024ൽ 000.5 മില്ലിസെക്കൻഡ് വ്യത്യാസത്തിലാണ് വിജയിയെ കണ്ടെത്തിയത്.
തർക്കം കോടതിയടക്കം കയറിയ സാഹചര്യത്തിലാണ് പോളിൽ തൊട്ടാൽ മതിയെന്ന നിർദേശം പരിഗണിച്ചത്. സ്പോൺസറെ കണ്ടെത്തുകയെന്നതാണ് മറ്റൊരു വെല്ലുവിളി. സെപ്റ്റംബർ ആദ്യവാരം ഓണം എത്തുന്നതിനാൽ വള്ളംകളിക്ക് സ്പോൺസറെ അതിവേഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണിവർ.
സാംസ്കാരികഘോഷയാത്രയും ഒരാഴ്ച നീളുന്ന സാംസ്കാരിക പരിപാടിയുമുണ്ടാകും. കഴിഞ്ഞതവണ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്ര ഒഴിവാക്കിയിരുന്നു. ഓണത്തിന് മുമ്പേ ആഘോഷമായി എത്തുന്ന വള്ളംകളിയിൽ പരമാവധി വിദേശ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

