ചാരുംമൂട് :ചുനക്കര ഗ്രാമപഞ്ചായത്ത് കോമല്ലൂർ 11-ാം വാർഡിൽ കമലാ മെമ്മോറിയൽ അംഗനവാടി പ്രവർത്തിച്ചിരുന്ന കെട്ടിടം സ്വകാര്യ വ്യക്തി അനധികൃതമായി പൊളിച്ചുമാറ്റുന്നതിനെതിരെ കോൺഗ്രസ് ചുനക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അംഗൻവാടിക്കു വേണ്ടി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് പണി കഴിപ്പിച്ചകെട്ടിടം ഇപ്പോൾ പഞ്ചായത്തംഗത്തിന്റെയടക്കം അനുവാദത്തോടെയാണ് പൊളിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പോലീസ് അധികാരികൾക്കും കോൺഗ്രസ് നേതാക്കർ പരാതി നൽകി. പ്രതിഷേധത്തിന് മണ്ഡലം പ്രസിഡൻ്റുമാരായ മനേഷ്കുമാർ, ഷാനവാസ്ഖാൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ജി.ഹരിപ്രകാശ്,പഞ്ചായത്ത് അംഗങ്ങളായ പി.എം.രവി, ഷറഫുദ്ദീൻ, ഷൈജു സാമുവൽ, വി.ഗോപി, കുമാരൻ , ഗോപാലകൃഷ്ണ പിള്ള രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായതോടെ മൂന്ന് വർഷമായി വാടകക്കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നതെന്നും, കെട്ടിടം പൊളിച്ചു നീക്കുന്നത് അറിഞ്ഞപ്പോൾ തന്നെ സ്റ്റോപ്പ് മെമ്മോ കൊട്ടുത്തതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
എന്നാൽ വർഷങ്ങൾക്ക് മുമ്പ് അംഗൻവാടിക്കായി സ്ഥലവും കെട്ടിടവും താനായിരുന്നു നൽകിയിരുന്നതെന്നും കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണഭാഗം പൊളിച്ചു നീക്കുകയായിരുന്നു വന്നുമാണ് വ്യക്തി നൽകിയ വിശദീകരണമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.