പ്രണയത്തിന് കടപ്പുറം ‘ഷെൽറ്റർ’; നാടകാന്തം മാംഗല്യം
text_fieldsതോപ്പിൽഭാസിയുടെ ഷെൽറ്റർ നാടകത്തിലെ നടൻ പ്രശാന്തും ചിഞ്ചുവും വേദിയിൽ മാലചാർത്തി വിവാഹിതരായപ്പോൾ
ആലപ്പുഴ: തോപ്പിൽഭാസിയുടെ ഷെൽറ്റർ നാടകത്തിലെ പ്രധാനനടൻ പ്രശാന്തും ചിഞ്ചുവും നാടകവേദിയിൽ ഒന്നായി. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രിയിൽ നാടകാവതരണത്തിനുശേഷമാണ് ഇരുവരും മാല ചാര്ത്തിയത്. തൊട്ടുപിന്നാലെ അഭിവാദ്യങ്ങൾ.....അഭിവാദ്യങ്ങൾ.....നൂറുചുവപ്പിൻ റോസാപൂക്കൾ നിങ്ങൾക്കായി ചാർത്തുന്നു മുദ്രാവാക്യം മുഴക്കിയാണ് വേദിയിലുള്ള മറ്റ് അഭിനേതാക്കളും സി.പി.ഐ നേതാക്കളും ഇരുവരെയും സ്വീകരിച്ചത്.
നാടകത്തിന്റെ അവസാനരംഗം കഴിഞ്ഞ് ആളുകൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് അനൗൺസ്മെന്റ് എത്തിയത്. നാടകത്തിലെ പ്രധാനവേഷം അവതരിപ്പിച്ച അഭിനേതാവ് അരങ്ങിൽവെച്ച് വിവാഹിതനാകുന്നു. ഇത് കേട്ടതോടെ നാടകം കാണാനെത്തിയവർക്കൊപ്പം കടപ്പുറത്ത് നിന്നവരും വേദിയിലേക്ക് ഓടിയെത്തി. കലജീവിതത്തിന്റെ ഭാഗമായതിനാലാണ് സ്റ്റേജിൽവെച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. ചിഞ്ചുവിനും നാടകത്തോട് പ്രിയമാണ്. ചിഞ്ചുസമ്മാനമായി പ്രശാന്തിന് ആദ്യം നൽകിയതും നാടകത്തെക്കുറിച്ചുള്ള പുസ്തകമായിരുന്നു.
വിവാഹവും ഇതരചടങ്ങുകളും മൂവാറ്റുപുഴ തൃക്കളത്തൂരിൽ നടക്കും. തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിലെ ഒരു ഏടാണ് ഷെൽറ്റർ നാടകത്തിന്റെ പ്രമേയം. മൂവാറ്റുപുഴ റിയൽ വ്യൂ ക്രിയേഷൻസ് അവതരിപ്പിച്ച നാടകത്തിൽ പ്രധാനകഥാപാത്രമാണ് പ്രശാന്ത് അഭിനയിച്ചത്. സുഹൃത്തിന്റെ വിവാഹത്തിന് പോകുമ്പോൾ ഇരുവരും ട്രെയിനിൽവെച്ചാണ് കണ്ടുമുട്ടിയത്. ആ പരിചയം ഒന്നരവർഷത്തോളം നീണ്ട പ്രണയമായി. മൂവാറ്റുപുഴ സ്വദേശിയായ പ്രശാന്ത് എഴുത്തുകാരനാണ്. കൊല്ലം സ്വദേശിയായ ചിഞ്ചു നഴ്സാണ്. ചലച്ചിത്രഅക്കാദമി അംഗവും സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയുമായ എൻ. അരുണാണ് നാടകം അണിയിച്ചൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

