പൊലീസ് അനാസ്ഥ; വയോധികയുടെ പോസ്റ്റ് മോർട്ടം വൈകി; പൊലീസിനെ കാത്ത് മൃതദേഹം ടേബിളിൽ കിടത്തിയത് 12 മണിക്കൂർ
text_fieldsആനന്ദവല്ലി
കറ്റാനം: നടപടിക്രമങ്ങളുടെ പേരിൽ വയോധികയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ കുറത്തികാട് പൊലീസിന്റെ നടപടി വിവാദമാകുന്നു. കിടപ്പ്രോഗിയായിരുന്ന ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കളീക്കൽ വടക്കതിൽ ആനന്ദവല്ലിയുടെ (78) മൃതദേഹമാണ് 12 മണിക്കൂറോളം പൊലീസിനെയും കാത്ത് ടേബിളിൽ കിടത്തേണ്ടി വന്നത്.
വാർധക്യ സഹജമായ പ്രയാസങ്ങൾ നേരിട്ടിരുന്ന ആനന്ദവല്ലി ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. അവിവാഹിതയായിരുന്ന ഇവർ സഹോദരി പുത്രിക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ബന്ധുക്കൾ വരാനുള്ളതിനാൽ കറ്റാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വെക്കാനായി എത്തിച്ചു. ഇവിടെ സൗകര്യം ഇല്ലാതിരുന്നതിനാൽ കായംകുളം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ കിടപ്പുരോഗിയായിരുന്ന ഇവരുടെ ദേഹത്ത് കാണപ്പെട്ട പാടുകൾ ഡോക്ടറിൽ സംശയമുണ്ടാക്കി.
പൊലീസ് റിപ്പോർട്ട് വേണമെന്നായതോടെ കിലോമീറ്റൾ അകലെയുള്ള സ്റ്റേഷനും ആശുപത്രിയുമായി ബന്ധുക്കളായ സ്ത്രീകളെ ഓടിക്കുകയായിരുന്നു. കിടപ്പ് രോഗിയായിരുന്നതിനാൽ മൃതദേഹം ഏറെനേരം പുറത്തു വെക്കാൻ കഴിയില്ലെന്നും ഫ്രീസർ സൗകര്യം ഒരുക്കണമെന്നുമുള്ള ആവശ്യം നടപടി ക്രമങ്ങൾ ചൂണ്ടികാട്ടി തള്ളി. തുടർന്ന് നടപടികളിൽ മെല്ലപ്പോക്ക് സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനപ്രതിനിധികൾ ഇടപെട്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടും അനങ്ങാപ്പാറ നയം തുടർന്നത് പ്രതിഷേധത്തിനും കാരണമായി.
ഏറെ സമ്മർദങ്ങൾക്ക് ഒടുവിൽ ഉച്ചക്ക് 1.30 ഓടെയാണ് പൊലീസ് ആശുപത്രിയിൽ എത്തിയത്. 2.30 ഓടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാവിലെ തന്നെ നടക്കുമായിരുന്ന ഈ നടപടിക്രമം വൈകിപ്പിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആനന്ദവല്ലിയുടെ സംസ്കാരം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

