ആലപ്പുഴ: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന കാമ്പയിന്‍റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പതിനായിരങ്ങൾ പങ്കെടുത്ത റാലിയും വളന്‍റിയർ പരേഡും സംഘടിപ്പിച്ചു. തൃശൂർ മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. നൂറുകണക്കിന് പേർ അണിനിരന്ന വളന്‍റിയർ പരേഡിന് പിന്നിലായിരുന്നു സ്ത്രീകളും കുട്ടികളും പ്രത്യേകമായും അണിനിരന്ന ബഹുജനറാലി. സീറോ ജങ്ഷനിൽനിന്ന് ആരംഭിച്ച് കടപ്പുറത്ത് സമാപിച്ചു.
ഭരണകൂടത്തിനെതിരെ മുസ്ലിം വിദ്വേഷപ്രചാരണം ആരോപിച്ചും ഇസ്ലാമിക ജീവിതത്തിന്റെ അടയാളങ്ങളായ പള്ളികള്‍, ബാങ്ക് വിളി, പെരുന്നാള്‍ നമസ്‌കാരം, ഹിജാബ്, ഹലാല്‍ ഭക്ഷണം തുടങ്ങിയവ വിദ്വേഷ പ്രചാരണത്തിന്റെ ഉപകരണങ്ങളാക്കുന്നെന്ന് കുറ്റപ്പെടുത്തിയും മുദ്രാവാക്യങ്ങളുയർന്ന റാലി ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ്, കൊറോണ ജിഹാദ് തുടങ്ങിയവക്കെതിരെ മുന്നറിയിപ്പു നൽകി. റാലി കാണാന്‍ വഴിക്കിരുവശങ്ങളിലും വൻ ജനാവലിയാണ് നിലയുറപ്പിച്ചത്. ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ നിശ്ചലദൃശ്യങ്ങൾ റാലിക്ക് കൊഴുപ്പേകി.
ജനമഹാസമ്മേളനവും ബജ്റംഗ്ദൾ പ്രഖ്യാപിച്ച ശൗര്യറാലിയും ഒരേദിവസമായതോടെ പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന ഹൈകോടതി നിര്‍ദേശം കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
പോപുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാം സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി മൗലാന ഉബൈദുല്ലാഹ് ഖാന്‍ ആസ്മി മുഖ്യാതിഥിയായി. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, കേരള ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി അഡ്വ.കെ. പി. മുഹമ്മദ്, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി വി.എച്ച്. അലിയാര്‍ മൗലവി അല്‍ ഖാസിമി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വി.എം. ഫത്തഹുദ്ദീന്‍ റഷാദി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, എ. അബ്ദുല്‍ സത്താര്‍, എം.എസ് സാജിദ്, പി.എം. ജസീല, പി.കെ. യഹിയ തങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു.