എസ്.ഐയെ ഇടിച്ചിട്ട് വാഹനം നിർത്താതെപോയ സംഭവം; ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി
text_fieldsപൂച്ചാക്കൽ: ട്രാഫിക് എസ്.ഐയെ ഇടിച്ച് നിർത്താതെ പോയ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തേക്കാണ് സാധാരണ സസ്പെൻഷൻ എങ്കിലും വാഹനം ഇടിച്ച് ഗുരുതര പരിക്കേൽക്കുകയും നിർത്താതെ പോകുകയും ചെയ്തതിനെത്തുടർന്നാണ് മൂന്നു മാസത്തേക്കുള്ള സസ്പെൻഷനായത്.
ചേർത്തല ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ പൂച്ചാക്കൽ പടിഞ്ഞാറെ കല്ലുങ്കൽ പി.കെ. സാനുവിനെ (54) കഴിഞ്ഞ സെപ്റ്റംബർ 20ന് രാവിലെ ഏഴോടെയാണ് വാഹനം ഇടിച്ചുവീഴ്ത്തിയത്. അപകടത്തെ തുടർന്ന് സാനുവിന് നാല് പല്ലുകൾ നഷ്ടപ്പെട്ടു. താടിയെല്ല്, തല, കൈകാലുകൾ, വാരിയെല്ല് തുടങ്ങിയവക്കും പരിക്കേറ്റു. ചികിത്സ ഇപ്പോഴും തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ഡ്രൈവർ കന്യാകുമാരി പെറുവന്നൂർ കുന്നത്തുകോണം ജേക്കബ് ഇ. ബിജുവിനെ അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ ടാറ്റാ സുമോ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നു. ഡ്രൈവർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു.