ചക്കുളത്തുകാവില്‍ കാര്‍ത്തിക പൊങ്കാല
text_fieldsആലപ്പുഴ: ദേവീമന്ത്രങ്ങളാല്‍ ചക്കുളത്ത്കാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ കാർത്തിക പൊങ്കാല. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാല അടുപ്പുകൾ ശനിയാഴ്ച മുതല്‍ ഒരുങ്ങിയിരുന്നു. മൂവായിരത്തോളം വളന്റിയർമാരെ ഇൻഫർമേഷൻ സെന്ററുകളിലും പാർക്കിങ് സ്ഥലങ്ങളിലും വിന്യസിച്ചു.
വിവിധ ഡിപ്പാർട്ട്മെന്റുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സാമുദായിക -സാമൂഹിക -സാംസ്കാരിക സന്നദ്ധ സംഘടനകളാണ് പൊങ്കാല നടത്തിപ്പിന് നേതൃത്വം നൽകുന്നത്. സുരക്ഷ ക്രമീകരണങ്ങൾക്ക് പൊലീസ്, ഫയർഫോഴ്സ്, എക്സൈസ് എന്നിവരുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
പുലർച്ച നാലിന് നിർമാല്യ ദര്‍ശനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. 10.30ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയിലാണ് പൊങ്കാല ചടങ്ങ്. രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നാണ് പൊങ്കാലക്ക് തുടക്കം. മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിൽ മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവർ ചേര്‍ന്നാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍. പൊങ്കാല മഹോത്സവത്തിന്റെ ഉത്ഘാടനം കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിക്കും. രാവിലെ 11ന് 500ല്‍പരം വേദപണ്ഡിതരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകീട്ട് 5ന് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിന്റെ അധ്യക്ഷതയില്‍ സാംസ്കാരിക സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥ്യം വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

