മയക്കുമരുന്ന് ഉപയോഗം, വിൽപന; ഹൗസ്ബോട്ടുകളിൽ മിന്നൽ പരിശോധന
text_fieldsലഹരി ഉപയോഗം കണ്ടെത്താൻ പുന്നമടയിൽ ഹൗസ്ബോട്ട് കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തുന്നു
ആലപ്പുഴ: മയക്കുമരുന്ന് ഉപയോഗം, വിൽപന എന്നിവ കണ്ടെത്താൻ ഹൗസ്ബോട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്ന പുന്നമട സ്റ്റാർട്ടിങ് പോയന്റ്, ഫിനിഷിങ് പോയന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബുധനാഴ്ച രാവിലെ 11 മുതലായിരുന്നു പരിശോധന. കാര്യമായി ഒന്നും കണ്ടെത്താനായില്ല. ഹൗസ്ബോട്ടുകൾ സഞ്ചാരികളുമായി രാവിലെ പുറപ്പെടുന്നതിന് മുമ്പ് ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഹൗസ്ബോട്ടുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ലഹരി പരിശോധനക്കൊപ്പം ബോട്ടുകളുടെ രേഖകൾ, മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു. ആലപ്പുഴ നോർത്ത് സി.ഐ എം.കെ. രാജേഷ്, സൗത്ത് സി.ഐ കെ. ശ്രീജിത്ത്, മാരാരിക്കുളം സി.ഐ എ.വി. ബിജു, മണ്ണഞ്ചേരി എസ്.ഐ കെ.ആർ. ബിജു, വനിത സ്റ്റേഷൻ എസ്.ഐ ലിജിമോൾ എന്നിവർ നേതൃത്വം നൽകി.
അതേസമയം, തുറമുഖ വകുപ്പിന്റെ നേതൃത്വത്തിൽ അനധികൃത ബോട്ടുകൾ പിടികൂടാനുള്ള പരിശോധന നിലച്ചിട്ട് മാസങ്ങളായി. ശിക്കാര വള്ളങ്ങളിൽ ഡ്രൈവർക്ക് ലാസ്കർ ലൈസൻസും ഹൗസ് ബോട്ടുകളിൽ സ്രാങ്ക് ലൈസൻസും വേണമെന്നാണ് ചട്ടം. എന്നാൽ, മിക്ക ഹൗസ്ബോട്ടുകളിലും ഇതൊന്നുമില്ലാതെയാണ് ഡ്രൈവർമാർ ജോലി ചെയ്യുന്നത്. ഓരോ വർഷവും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയാണ് ഹൗസ് ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കി നൽകുന്നത്. പരിശോധന സമയത്ത് ലൈസൻസുള്ള ജീവനക്കാരെ ‘അവതരിപ്പിച്ച്’ കാര്യം കാണുകയാണ് പതിവ്.
ജില്ലയിൽ 871 ഹൗസ് ബോട്ടുകൾക്കാണ് സർവിസ് നടത്താൻ മാരിടൈം ബോർഡിന്റെ അനുമതിയുള്ളത്. എന്നാൽ, ആലപ്പുഴ, കോട്ടയം മേഖലകളിലായി രണ്ടായിരത്തോളം വള്ളങ്ങൾ സർവിസ് നടത്തുന്നു.
അപകടമുണ്ടാകുമ്പോൾ പേരിന് പരിശോധന നടത്തുമെങ്കിലും കർശന നടപടിയുണ്ടാകാറില്ല. മൂന്ന് വർഷത്തിലൊരിക്കൽ ബോട്ട് കരയിൽ കയറ്റി പരിശോധന നടത്തണം. ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് പോലുള്ള ജീവൻരക്ഷാ ഉപകരണങ്ങളും നിർബന്ധമാണ്. രജിസ്ട്രേഷൻ പോലുമില്ലാതെ ഓടുന്ന ബോട്ടുകൾ ഇതൊന്നും കാര്യമാക്കാറില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.