എൻ.എ.ഡി റോഡിൽ തീയിട്ട മാലിന്യത്തിൽനിന്ന് വിഷപ്പുക
text_fieldsഎൻ.എ.ഡി റോഡിൽ മാലിന്യത്തിന് തീയിട്ടിടത്തുനിന്ന് പുക ഉയരുന്നു
കളമശ്ശേരി: എൻ.എ.ഡി റോഡ് ശുചീകരിക്കുന്നതിന്റെ ഭാഗമായി റോഡരികിൽനിന്ന് മാലിന്യം നഗരസഭ നീക്കിയതിനുപിന്നാലെ തീയിട്ടത് പൊതുജനത്തിന് അസ്വസ്ഥതയുണ്ടാക്കുന്നു. തിങ്കളാഴ്ചയിട്ട തീയിൽനിന്ന് ഉയരുന്ന വിഷപ്പുകയാണ് രണ്ടുദിവസമായിട്ടും വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ദുരിതമായത്.
എൻ.എ.ഡി കേന്ദ്രീയ വിദ്യാലയം, ക്വാർട്ടേഴ്സ് തുടങ്ങി ജനവാസ കേന്ദ്രങ്ങൾക്കും അകലെയാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പുകഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച നഗരസഭ ആരോഗ്യവിഭാഗം യന്ത്രം ഉപയോഗിച്ച് റോഡരികിലെ ടൺകണക്കിന് മാലിന്യമാണ് സമീപത്തെ പാടശേഖരത്തിലേക്ക് തള്ളിയിട്ടത്. തിങ്കളാഴ്ച പുലർച്ച മുതലാണ് മാലിന്യത്തിൽനിന്ന് തീ ഉയരുന്നത്.
അജ്ഞാതർ തീയിട്ടതാണെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ, നഗരസഭതന്നെ ചെയ്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും പുക ഉയരുകയാണ്. നാട്ടുകാരുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പരിഹാരം കാണാൻ കളമശ്ശേരി സി.ഐ എം.ബി. ലത്തീഫ് നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, രാത്രിയും പുക ഉയർന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ നഗരസഭക്കും എൻ.എ.ഡിക്കും നോട്ടീസ് നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

