ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ പ്രതി പിടിയിൽ
text_fieldsതൃശൂർ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ തൃശൂർ സിറ്റി പൊലീസ് കർണാടകയിലെ സുള്ളിയയിൽനിന്ന് പിടികൂടി. ആലപ്പുഴ നീലംപേരൂർ സ്വദേശി മനപ്പെട്ടി വീട്ടിൽ ഷിജു കൃഷ്ണയാണ് (47) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 29 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
2023 ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് അതിജീവിതയെ തൃശൂരിലെ ലോഡ്ജിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി, ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായതോടെ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിക്കെതിരെ കൺവിക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള ഷിജു കൃഷ്ണ കേരളത്തിലെ വിവിധ ജില്ലകളിലായി ഒളിച്ചുതാമസിച്ചു വരികയായിരുന്നു. തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ, സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ നീക്കത്തിനൊടുവിലാണ് കർണാടകയിലെ സുള്ളിയ ഗ്രാമത്തിൽനിന്ന് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

