പ്ലസ്ടു: വിജയശതമാനത്തിൽ പിന്നോട്ട്; എ പ്ലസിൽ മുന്നോട്ട്
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 77.86 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ 3.88 ശതമാനം കുറവാണെങ്കിലും എ പ്ലസ് എണ്ണം കൂടി. 20 കേന്ദ്രങ്ങളിലായി 20,263 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 15,777 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 1899 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞതവണ 1707 കുട്ടികൾക്കായിരുന്നു എപ്ലസ് വിജയം.
സംസ്ഥാനത്ത് എ പ്ലസുകാരുടെ എണ്ണം കുറഞ്ഞപ്പോൾ ജില്ലയിൽ 192 എണ്ണമാണ് വർധിച്ചത്. ജില്ലയിലെ ടെക്നിക്കല്‍ സ്കൂളുകളില്‍ 58 ശതമാനമാണ് വിജയം. ആകെ 98 പേര് പരീക്ഷയെഴുതിയതില്‍ 57 പേര് ഉപരിപഠനത്തിന് അര്‍ഹരായി. ഒരു വിദ്യാര്‍ഥിയാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 46 ശതമാനമാണ് വിജയം.
1418 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 662 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 59 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി.

