പേരിൽ നഗരസഭ ടൗൺഹാൾ; കാണാം പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം
text_fieldsആലപ്പുഴ ടി.വി. തോമസ് സ്മാരക നഗരസഭ ടൗൺഹാളിൽ ചാക്കുകെട്ടുകളിൽ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം
ആലപ്പുഴ: നവീകരണത്തിന്‍റെ പേരിൽ അടച്ചിട്ട ടി.വി. തോമസ് സ്മാരക നഗരസഭ ടൗൺഹാളിൽ പ്ലാസ്റ്റിക് മാലിന്യത്താൽ നിറഞ്ഞു. വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം മെറ്റീരിയൽ കലക്ഷൻ സെന്‍ററാക്കിയാണ് (എം.സി.എഫ്) ഇപ്പോഴത്തെ പ്രവർത്തനം.
വിവാഹചടങ്ങുകൾക്കും പൊതുയോഗങ്ങൾക്കും മറ്റും വേദിയായിരുന്ന ടൗൺഹാൾ ഇപ്പോൾ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിക്കാനാണ് ഉപയോഗിക്കുന്നത്. ടൗൺഹാളിന്റെ പുറത്ത് നഗരസഭയുടെ വാഹനങ്ങൾ ഇടാനുള്ള ഇടമാക്കി. നിലവിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ തുടങ്ങി നഗരസഭയുടെ ഉപയോഗശൂന്യമായ ആക്രിവണ്ടികൾവരെ ഈ നിരയിലുണ്ട്. ഹാളിന്റെ സദ്യാലയത്തിൽ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമാണ്.
പ്രധാനവേദിയിലെ ഉപകരണങ്ങളും നശിച്ചു.നവീകരണത്തിന്‍റെ പേരിൽ 2023 ആഗസ്റ്റിലാണ് ടൗൺഹാൾ അടച്ചത്. പിന്നീട് മുഴുവനായി പൊളിച്ച് 15 കോടി ചെലവഴിച്ച് പുതിയ ടൗൺഹാൾ നിർമിക്കാൻ തീരുമാനിച്ചു. പദ്ധതിരേഖ തയാറാക്കിയതൊഴിച്ചാൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം പൊതുദർശനത്തിനായി ടൗൺഹാളിൽ വെക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും ശോച്യാവസ്ഥ മൂലം റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് മാറ്റി.
2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം തുടങ്ങാനായിരുന്നു തീരുമാനം. മൂന്ന് നിലകളിലായി ശീതീകരിച്ച ടൗൺഹാൾ നിർമാണത്തിന് 15 കോടി വായ്പയെടുക്കാൻ കൗൺസിൽ അനുമതിയും നൽകി. ഭൂഗർഭ നിലയിൽ പാർക്കിങ്, താഴത്തെ നിലയിൽ 1200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഒന്നാംനിലയിൽ ഏഴ് സ്യൂട്ടും മിനി ഓഡിറ്റോറിയവും അടങ്ങുന്ന ടൗൺഹാൾ നിർമാണത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

