ആലപ്പുഴ: അന്യംനിന്നുപോകുന്ന തീർത്തും പ്രകൃതിദത്തമായ 'പൊന്നാനി മഷി'യിൽ ചിത്രകാരനായ താജ് ബക്കർ വരച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.
'അറബിക് ഇങ്ക്' പേരിൽ ഏറെ പേരുകേട്ട ഈ നാടൻമഷി മാധ്യമമാക്കി കൊച്ചി ബിനാെല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ലോകമേ തറവാട്' പ്രദർശനത്തിൽ താജിെൻറ 27 സൃഷ്ടിയാണുള്ളത്.
ബുധനാഴ്ച ആലപ്പുഴയിലെത്തിയ തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ പോർട്ട് മ്യൂസിയത്തിലെ പ്രദർശനത്തിലെ താജിെൻറ ചിത്രങ്ങളെ ശ്ലാഘിച്ചു. ഖുർആനിെൻറ കൈയെഴുത്തുപ്രതികളിൽ ഈ മഷിയാണ് പഴയകാലത്ത് അധികവും ഉപയോഗിച്ചുപോന്നിരുന്നത്. ഗതകാല സ്മരണകൾ ഉയർത്തുന്ന ഈ രീതിയെ ചിത്രകലയിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു അറിയപ്പെടുന്ന നാടകപ്രവർത്തകൻകൂടിയായ ഈ പൊന്നാനി സ്വദേശി. 36കാരനായ താജ് ബക്കറിെൻറ ചിത്രപ്രദർശനം കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിലെ ധാക്കയിൽ യു.എസ് എംബസിയുടെ സഹായത്തോടെ ജോൺ എഫ്. കെന്നഡി ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു.
കടലുമായി ബന്ധപ്പെട്ട 11 ചിത്രവും മലയാളമരങ്ങൾ എന്ന പേരിൽ മറ്റൊരു പരമ്പരയുമാണ് 'ലോകമേ തറവാട്' പ്രദർശനത്തിലുള്ളത്.