ആലപ്പുഴക്ക് പെരുമ കൂട്ടാൻ പെരുമ്പളം പാലം വരുന്നു; ഉദ്ഘാടനം ഉടൻ
text_fieldsപെരുമ്പളം പാലം
അരൂർ: ജില്ലയുടെ വികസന കുതിപ്പിന്റെ വലിയ അടയാളമായ പെരുമ്പളം പാലം യാഥാർഥ്യത്തിലേക്ക്. ഈ മാസം അവസാനത്തോടെ പാലം ഉദ്ഘാടനം ചെയ്യും. ഇതിനായി ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ കായലിന് കുറുകെ നിർമിക്കുന്ന ഏറ്റവും നീളമേറിയ പാലം എന്ന സവിശേഷതയോടെയാണ് പെരുമ്പളം പാലം ഒരുങ്ങിയിരിക്കുന്നത്.
ചേർത്തല-അരൂക്കുറ്റി റോഡിനെയും വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 7.5 മീറ്റർ വീതിയുള്ള ഇരുവരി പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ക്രമീകരിച്ചിരിക്കുന്നു. കരയിലെ രണ്ട് തൂണുകൾ ഉൾപ്പെടെ ആകെ 34 തൂണുകളിലായാണ് പാലം നിലകൊള്ളുന്നത്. ദേശീയ ജലപാത കടന്നുപോകുന്നതിനാൽ, വലിയ യാനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ പാലത്തിന്റെ നടുഭാഗം ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. വടുതല, പെരുമ്പളം ഭാഗങ്ങളിൽ 300 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുകളും നിർമിക്കുന്നുണ്ട്.
സ്വാഗതസംഘ രൂപവത്കരണ യോഗം ദലീമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഉദ്ഘാടനത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു
ആരെയും മാറ്റിനിർത്തില്ല എന്ന ഇടതുപക്ഷ സർക്കാർ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പെരുമ്പളം പാലം എന്ന് ദലീമ ജോജോ എം.എൽ.എ പറഞ്ഞു. സംഘാടകസമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് പാലം പൂർത്തീകരണത്തിലേക്ക് എത്തിയത്. പാലം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം ബസ് സർവിസ് പെരുമ്പളത്തേക്ക് എത്തിക്കുന്നതിനായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ഗിരീഷ് സമിതി രൂപവത്കരണ വിവരങ്ങൾ യോഗത്തിൽ പങ്കുവെച്ചു. 1001 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും 301 പേരുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയും ഇരുപത് പേരടങ്ങുന്ന ആറ് സബ് കമ്മിറ്റിയും ഉൾപ്പെടെയുള്ള സംഘാടക സമിതിയാണ് ഉദ്ഘാടനം ആഘോഷമാക്കാൻ രൂപവത്കരിച്ചിരിക്കുന്നത്.
സമിതിയുടെ രക്ഷാധികാരികളായി കെ.സി. വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ഉൾപ്പെടെയുള്ള ഒമ്പത് പേരെയും ചെയർമാനായി മുൻ എം.പി എ.എം ആരിഫിനെയും കൺവീനറായി ദലീമ ജോജോ എം.എൽ.എയെയും തീരുമാനിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം തീരുമാനിച്ചിട്ടില്ലെങ്കിലും ഏഴു ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ്. പെരുമ്പളം പഞ്ചായത്ത് പ്രസാദം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കിഫ്ബി എക്സിക്യൂട്ടിവ് എൻജിനീയർ ദീപ, ജില്ല പഞ്ചായത്ത് അംഗം രാജേഷ് വിവേകാനന്ദ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. സജീവ്, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, പെരുമ്പളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഷെർളി, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.എ. സിജി സിംഗ്, കെ.പി. രഞ്ജിനി, ഷനാസ് കരീം, ബ്ലോക്ക് പഞ്ചായത്ത് മെംബർ നിധീഷ് ബാബു, വാർഡ് അംഗങ്ങളായ അഞ്ജു എൻ. ഓമനക്കുട്ടൻ, ഹരിപ്രിയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിൽസൺ ഡിസൂസ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ആർ. ബാബുരാജ്, ലിറ്റിൽ ഫ്ലവർ പള്ളി ഫാ. ജിജു, പി.ജി. മുരളീധരൻ, ബി. വിനോദ്, വി.സി. ഹർഷഹരൻ, എം.വി. കമലാസനൻ, ജിനീഷ് ലാൽ, രാജേഷ് കുളങ്ങരമഠം, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

