പെരുമ്പളം: പെരുമ്പളം പാലത്തിെൻറ അപ്രോച്ച് റോഡുകൾക്കുള്ള സ്ഥലമെടുപ്പിന് നടപടി ആരംഭിക്കുന്നു. വടുതലയിൽനിന്ന് പെരുമ്പളം ദ്വീപിലേക്ക് വേമ്പനാട്ട് കായലിന് കുറുകെയാണ് പാലം നിർമിക്കുന്നത്. പാലത്തിെൻറ നിർമാണത്തോടൊപ്പം അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. രണ്ട് കരകളിലും ഭൂമി വിട്ടുതരേണ്ട സ്ഥലം ഉടമകളുടെ യോഗം വിളിച്ചുകൂട്ടാൻ കലക്ടർക്ക് നിർദേശം നൽകുമെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു.
പാലത്തിെൻറ നിർമാണ പുരോഗതി പരിശോധിക്കാൻ ഇക്കഴിഞ്ഞ ദിവസം ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിക്കുകയായിരുന്നു എം.പി. കേരളത്തിലെ ഏറ്റവും വലിയ പാലമായ പെരുമ്പളത്തിെൻറ പൈലിങ് ജോലി ആരംഭിച്ചിട്ടുണ്ട്.
വടുതല ജെട്ടിഭാഗത്തുനിന്നാണ് പൈലിങ് തുടങ്ങിയത്. 128 പൈലുകളും 29 തൂണുകളുമുള്ളതാണ് പാലം. പൂർത്തിയാകാൻ രണ്ടരവർഷം വേണ്ടിവരുമെന്നാണ് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ഭാരവാഹികൾ പറയുന്നത്. രണ്ടര വർഷത്തിനകം തീർക്കണമെന്നാണ് കരാർ. 1110 മീ. നീളവും 11 മീ. വീതിയുമുള്ള പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.
രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീ. വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീ. വീതമുള്ള നടപ്പാതയും പാലത്തിനുണ്ട്. ദേശീയ ജലപാത മാനദണ്ഡപ്രകാരം 55 മീറ്ററിലാണ് മധ്യഭാഗത്തെ മൂന്ന് സ്പാനുകൾ നിർമിക്കുക. 35 മീ. വീതം നീളമുള്ള 27 സ്പാനുകളും ഉൾക്കൊള്ളുന്നതാണ് പാലം. മധ്യത്തിലെ മൂന്ന് സ്പാനുകളുടെ വീതി 12 മീറ്ററാണ്. ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് രൂപരേഖ.
വടുതല ഭാഗത്ത് 300 മീ. നീളത്തിലും പെരുമ്പളത്ത് 250 മീ. നീളത്തിലും അപ്രോച്ച് റോഡും നിർമിക്കും. പാലത്തിന് നിർമാണം നല്ലനിലയിൽ പുരോഗമിക്കുന്നുണ്ടെന്ന് എം.പി പറഞ്ഞു. അരൂർ എം.എൽ.എ ദെലീമ ജോജോ, സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ.ആർ. ബാബുരാജ്, ബി. വിനോദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ്, പെരുമ്പളം പഞ്ചായത്ത് പ്രസിഡൻറ് വി.വി. ആശ എന്നിവരും ആരിഫിനൊപ്പമുണ്ടായിരുന്നു.