പെരുമ്പളം പാലം ഉദ്ഘാടനം കഴിഞ്ഞിട്ടും പണി തീർന്നില്ല
text_fieldsപാലത്തിലെ ടാറിങ് ജോലികൾ നടത്തുന്നു
പെരുമ്പളം: പാലം ഉദ്ഘാടനം നടത്തി ഗതാഗതത്തിന് തുറന്നു കൊടുത്തെങ്കിലും തെരുവുവിളക്ക് സ്ഥാപിക്കൽ, ബസ് സർവിസ് ആരംഭിക്കൽ ഉൾപ്പെടെ തുടർ നടപടികൾ വൈകുകയാണ്. പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ്ങും പൂർത്തിയായിട്ടില്ല. മാർച്ച് ഏഴിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനത്തിന് ശേഷമാണ് ടാറിങ് നിശ്ചയിച്ചിരുന്നത്. ടാറിങ് രണ്ടാം ഘട്ടം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.
വാഹനങ്ങൾ മുടക്കമില്ലാതെ കടത്തി വിടുന്നുമുണ്ട്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഉൾപ്പെടെ കാര്യങ്ങൾക്ക് തൊഴിലാളികൾ പലരും നാട്ടിൽ പോയത് അടക്കമുള്ള കാരണങ്ങളാലാണ് ടാറിങ് പൂർത്തിയാകാൻ വൈകുന്നത്. ടാറിങ് പൂർത്തിയായാലെ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പെരുമ്പളത്തു നിന്നു തുടങ്ങുകയുള്ളു. പാലം ഉദ്ഘാടന ദിവസം ബസ് സർവിസുകളുടെ ഫ്ലാഗ് ഓഫും നടന്നിരുന്നു. പിന്നീട് സർവിസുകൾ തുടർന്നില്ല. പെരുമ്പളത്തു നിന്നും ആലപ്പുഴ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കും ദീർഘദൂര ബസ് സർവിസുകളും വാഗ്ദാനമുണ്ട്. സർക്കാർ കെൽട്രോണിന് കരാർ നൽകിയ തെരുവുവിളക്ക് സ്ഥാപിക്കലും വൈകുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലം ഉദ്ഘാടനം ചെയ്‌തതാണെന്ന ആക്ഷേപം പരക്കെയുണ്ടെങ്കിലും പാലം തുറന്നത് പെരുമ്പളം ജനതക്ക് ആശ്വാസമാണ്.
പെരുമ്പളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള, സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്ക് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവിസ് മുടക്കമില്ലാതെ തുടരുന്നുണ്ട്. പെരുമ്പളം പഞ്ചായത്തിന് അകത്ത് സർവിസ് നടത്താൻ ബസുകൾ വരുമെന്നും വാഗ്ദാനങ്ങളുണ്ട്. അതേസമയം പെരുമ്പളം പാലം കാണാൻ ഇടദിവസങ്ങളിൽ ഉൾപ്പെടെ സഞ്ചാരികൾ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

