ജലം കാത്ത് ജനം; നഗരത്തിൽ പലയിടത്തും കുടിവെള്ളക്ഷാമം
text_fieldsആലപ്പുഴ: വേനൽ കടുത്തതോടെ ആലപ്പുഴ നഗരസഭ പരിധിയിലെ പലയിടത്തും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം കിട്ടാത്ത അവസ്ഥ. നഗരത്തിലെ കിഴക്കൻപ്രദേശത്താണ് പ്രതിസന്ധി അതിരൂക്ഷം. കുടിവെള്ളത്തിനായി ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. കളർകോട്, പള്ളാത്തുരുത്തി, കൈതവന, പഴവീട്, തിരുവമ്പാടി, കരളകം, ഗുരുമന്ദിരം, വാടയ്ക്കൽ, കുതിരപ്പന്തി, ബീച്ച് വാർഡുകളിലാണ് ശുദ്ധജലം കിട്ടാത്തത്. ആർ.ഒ.പ്ലാന്റിൽനിന്ന് നഗരസഭയുടെ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളംകൊണ്ട് വീട്ടിലെ ആവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കാത്ത സ്ഥിതിയാണ്. പലയിടത്തും കിണറുകളിലെ വെള്ളം വറ്റിയതിനൊപ്പം കുഴൽക്കിണറുകളിലും വേണ്ടത്ര വെള്ളമില്ല.
കുടിവെള്ളക്ഷാമത്തിന് പരിഹാരമായി അമൃത് പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയായെങ്കിലും പലയിടത്തും കണക്ഷൻ നൽകിയിട്ടില്ല. വേനൽക്കാലത്ത് വെള്ളക്ഷാമം പതിവാണെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. ദേശീയപാത നിർമാണത്തിനും സിറ്റിഗ്യാസ് പദ്ധതിയുടെ ഭാഗമായും നടക്കുന്ന പണികൾ നിമിത്തം പലയിടത്തും പൊട്ടുന്ന പൈപ്പുകൾ നന്നാക്കാറില്ല. ദിവസവും ചെറുതും വലുതുമായി 10ലധികം പൈപ്പ് പൊട്ടലുകൾ ഉണ്ടാകാറുണ്ട്.
ജൽജീവൽ പദ്ധതിക്കായി വലിച്ച പൈപ്പുകൾ വെള്ളത്തിന്റെ പ്രഷർ പമ്പിങ് താങ്ങാതെയും പൊട്ടുന്നുണ്ട്. പലയിടങ്ങളിലും പൈപ്പ് പൊട്ടലടക്കമുള്ള പ്രശ്നങ്ങളുണ്ടെങ്കിലും അറ്റകുറ്റപ്പണി ചെയ്യാനാളില്ല. അറ്റകുറ്റപ്പണി നടത്തുന്നവർക്ക് കൃത്യമായി പണം നൽകാത്തതാണ് കാരണം. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ നഗരത്തിലെ വിവിധ വാർഡുകളിൽ പൈപ്പ് പൊട്ടി ശുദ്ധജലവും പാഴാകുന്നുണ്ട്.
വിവിധ വാർഡുകളിൽ ‘കുടിവെള്ളക്ഷാമം’ അതിരൂക്ഷമായിട്ടും പൈപ്പ് പൊട്ടൽ അടക്കമുള്ള തകരാറുകൾ വാട്ടർ അതോറിറ്റി പരിഹരിക്കുന്നില്ലെന്നാണ് ആലപ്പുഴ നഗരസഭ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പരാതി. പലയിടത്തും പൈപ്പ് ലൈൻ നിരന്തരം പൊട്ടി കുടിവെള്ളം പാഴായിട്ടും തകരാർ കണ്ടെത്തി പരിഹരിക്കുന്നില്ല. കുടിവെള്ളക്ഷാമത്തിനെതിരെ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ആലപ്പുഴ വഴിച്ചേരി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിന് മുന്നിൽ വേനൽക്കാലത്ത് മാത്രം നിരവധി സമരങ്ങളാണ് നടത്തിയത്.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായിട്ട് പലയിടത്തും പൊട്ടുന്ന പൈപ്പുകൾ നന്നാക്കാത്തതാണ് പ്രശ്നം. ജൽജീവൻ പദ്ധതിയിലൂടെ കണക്ഷൻ ലഭിച്ച വീടുകളിലും ശുദ്ധജലം കിട്ടാറില്ല. ഇതിനായി ഇട്ടിരിക്കുന്ന ചെറിയ പൈപ്പുകളാണ് ഏറെയും പൊട്ടുന്നത്. എന്നാൽ, പലയിടത്തും പൈപ്പ് പൊട്ടിയാലും ദേശീയപാത അധികൃതർ അക്കാര്യം അറിയിക്കാറില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

