ശ്രീലക്ഷ്മിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു; ചേർത്തുപിടിച്ച് ജില്ല കലക്ടർ
text_fieldsപീസ് വാലി ഭാരവാഹികൾക്കൊപ്പം ശ്രീലക്ഷ്മി ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജയെ സന്ദർശിക്കുന്നു
ആലപ്പുഴ: ''ഇത് അത്ഭുതമാണ്. ദൈവത്തിന്റെ കൈകളാണ് ശ്രീലക്ഷ്മിയെ പിടിച്ചുയർത്തിയത്. പീസ് വാലിക്ക് ഹൃദ്യമായ നന്ദി''....സെറിബ്രൽ പാൾസി ബാധിതയായ ചേർത്തല സ്വദേശിനി പതിമൂന്നുകാരി ശ്രീലക്ഷ്മിയെ ചേർത്തുപിടിച്ച് ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞ വാക്കുകളാണിത്.
ചേർത്തല തൈക്കൽ പാണ്ടോത്തുചിറയിൽ പി.ജി. ബാബുവിന്റെയും വി. രതിമോളുടെയും ഏകമകൾ ബി. ശ്രീലക്ഷ്മിയും കുടുംബവും അനുഭവിച്ച യാതനകൾ ഏറെയായിരുന്നു. മരപ്പലകകൾ ചേർത്തുകെട്ടിയ വീട്ടിലെ ദുരിതം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ശ്രീലക്ഷ്മിയുടെ ചികിത്സ ഏറ്റെടുത്തു. മൂന്ന് മാസത്തെ വിദഗ്ധ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസമാണ് അവർ ജീവിതത്തിലേക്ക് നടന്നുതുടങ്ങിയത്. ചികിത്സക്കുശേഷം വീടണഞ്ഞ ശ്രീലക്ഷ്മിയെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വീടെന്ന സ്വപ്നം ഇനിയും അകലെയെന്ന ഈ വാർത്ത ശ്രദ്ധയിൽപെട്ട കലക്ടർ കൃഷ്ണതേജ ശ്രീലക്ഷ്മിയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ശ്രീലക്ഷ്മിയും കുടുംബവും കലക്ടറേറ്റിലെത്തി. അനായാസം കലക്ടറേറ്റിലെ പടികൾ ചവിട്ടിയാണ് ശ്രീലക്ഷ്മി കലക്ടറെ നേരിൽ കാണാനെത്തിയത്. ഒപ്പമുണ്ടായിരുന്നവർക്കും ഇത് ഹൃദ്യമായ അനുഭവമായി. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുമെന്ന് കലക്ടർ ഉറപ്പും നൽകി. നേരത്തേ ലൈഫ് പദ്ധതിയിൽ മുൻഗണന പട്ടികയിൽനിന്ന് ഈ കുടുംബത്തെ ഒഴിവാക്കിയത് വിവാദമായിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. പ്രസാദ്, ജില്ല കലക്ടർ തേജ എന്നിവർ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം വീട് അനുവദിക്കാൻ റിപ്പോർട്ട് നൽകിയിരുന്നു. ചികിത്സക്കായി പീസ് വാലിയിലേക്ക് പോകുന്നതിനു മുമ്പ് കലക്ടർ ശ്രീലക്ഷ്മിയുടെ കുടിൽ സന്ദർശിച്ചിരുന്നു. കുടുംബത്തിന്റെ ദൈന്യത തിരിച്ചറിഞ്ഞ് ജീർണാവസ്ഥയിലായ വീടിന്റെ അറ്റകുറ്റപ്പണി പീസ് വാലി നടത്തിയിരുന്നു. വൈകാതെ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
വീട് ഭിന്നശേഷി സൗഹൃദമാക്കാൻ ആവശ്യമായ സഹായം കലക്ടറുടെ നേതൃത്വത്തിൽ ചെയ്യുമെന്ന് പീസ് വാലി ഭാരവാഹികൾ പറഞ്ഞു. പീസ് വാലി ഭാരവാഹികളായ ഫാറൂഖ് കരുമക്കാട്ട്, പി.എം. അഷ്റഫ്, സാബിത് ഉമർ, ഹരി കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

