ആലപ്പുഴ ജില്ലയിൽ നെൽകർഷകർക്കുള്ള പ്രതിഫല വിതരണം നിലച്ചു
text_fieldsആലപ്പുഴ: ജില്ലയിൽ സംഭരിച്ച നെല്ലിന് നെൽകർഷകർക്ക് നൽകേണ്ട പ്രതിഫല തുകയുടെ വിതരണം നിലച്ചു. ബാങ്കുകൾക്ക് സർക്കാർ നൽകുന്ന ക്രഡിറ്റ് പരിധി കഴിഞ്ഞതിനെ തുടർന്ന് സംഭരിച്ച നെല്ലിന്റെ വില ഇനത്തിൽ കർഷകർക്ക് വായ്പയായി നൽകുന്ന തുക വിതരണം ബാങ്കുകൾ നിർത്തിവച്ചു. 28,923 കർഷകരിൽ നിന്നാണ് ഇത്തവണ നെല്ല് സംഭരിച്ചത്. ഇതിൽ 12,485 കർഷകർക്ക് തുക വിതരണത്തിനുള്ള പ്രാഥമിക നടപടിപോലും ആയിട്ടില്ല. അതിനിടെയാണ് പാഡി രസീത് ലഭിച്ച കർഷകർക്ക് പണം നൽകുന്നത് ബാങ്കുകൾ നിർത്തിവച്ചത്.
ഈ വർഷത്തെ രണ്ടാംകൃഷി നെല്ല് സംഭരണം ഏറെകുറെ പൂർത്തിയായിരുന്നു. വില വിതരണം ചെയ്യുന്നില്ല എന്ന കർഷകരുടെ പരാതികൾ ഉയരുന്നതിനിടെ 10 ദിവസം മുമ്പാണ് ബാങ്കുകൾ വഴി പണ വിതരണം തുടങ്ങിയത്. ഏപ്രിൽ മാസത്തിൽ നെല്ല് സംരിച്ച കർഷകർക്കുള്ള പ്രതിഫല വിതരണമാണ് നടന്നുവന്നത്.
പാഡി മാർക്കറ്റിങ് ഓഫീസർ പരിശോധന പൂർത്തിയാക്കിയ ജില്ലയിലെ 16,438 കർഷകർക്കാണ് പാഡി രസീത് നൽകിയത്. ഇവർക്ക് 188.24 കോടി രൂപയാണ് നൽകേണ്ടിയിരുന്നത്. 650 കോടിയോളം രൂപയാണ് സംസ്ഥാനത്തെ മൊത്തം നെൽകർഷകർക്ക് നൽകുന്നതിനായി ബാങ്കുകൾക്ക് സർക്കാർ നൽകിയിരുന്നത്. ഇത് തീർന്നതോടെയാണ് ബാങ്കുകൾ തുക വിതരണം നിർത്തിവച്ചത്.
കാനറാ ബാങ്ക്, എസ്.ബി.ഐ എന്നിവ മുഖേനയാണ് തുക വിതരണം നടത്തുന്നത്. ജില്ലയിൽ കാനറാ ബാങ്കിൽ 9,279 കർഷകർക്കും എസ്.ബി.ഐയിൽ 7,159 കർഷകർക്കുമായി മൊത്തം 16,438 കർഷകർക്കായി 188.24 കോടി രൂപ വിതരണം ചെയ്യുന്നതിനു പാഡി രസീതുകളാണ് നൽകിയിരുന്നത്.
സംഭരിച്ച 6,64,70,429 കിലോ നെല്ലിനുള്ള വിലയായാണ് ഇത്രയും തുക വിതരണം ചെയ്യുന്നത്. രണ്ടാംകൃഷിയിൽ 1,06,833.792 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. 95.11 ശതമാനം കൊയ്ത്ത് പൂർത്തിയായതായാണ് സർക്കാർ കണക്ക്. 1,28,357. 945 മെട്രിക് ടൺ നെല്ലിന്റെ വിളവാണ് പ്രതീക്ഷിച്ചത്. അതിലും ഏറെയാണ് ഇത്തവണ ഉൽപാദനം. 53 മില്ലുകളെയാണ് സംഭരണ ചുമതല ഏൽപിച്ചത്. 26,705 ഹെക്ടറിലെ 1,36,224 മെട്രിക് ടൺ നെല്ല് സംഭരിക്കാനാണ് മില്ലുകളെ ചുമതലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

