പോള ശല്യം: മുഹമ്മ-കുമരകം യാത്രക്കാർ ദുരിതത്തിൽ
text_fieldsമുഹമ്മ-കുമരകം ജലഗതാഗത പാതയിൽ പോള നിറഞ്ഞപ്പോൾ
മുഹമ്മ: മുഹമ്മ-കുമരകം ബോട്ടുയാത്ര വീണ്ടും ദുരിതത്തിൽ. മുമ്പ് ബോട്ടുകളുടെ തകരാർ ആണെങ്കിൽ ഇപ്പോൾ വില്ലൻ പോളയാണ്. ശനിയാഴ്ച മുതൽ മുഹമ്മ കുമരകം ബോട്ടുയാത്ര അവസാനിച്ചത് കുമരകം കുരിശ്ശടി ജെട്ടിയിലായിരിന്നു. ഞായറാഴ്ച കുരിശ്ശടി ജെട്ടിയിൽ ബോട്ട് അടുപ്പിക്കാൻ പറ്റാത്ത വിധം പോളകൾ തിങ്ങിനിറഞ്ഞു.
പോള നിറഞ്ഞുനിൽക്കുമ്പോൾ ബോട്ട് സർവിസ് നടത്തണ്ട എന്നാണ് ജലഗതാഗത വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, കുരിശ്ശടി കായൽ ജെട്ടി വരെയെങ്കിലും ബോട്ട് വന്നില്ലെങ്കിൽ ഈ റൂട്ടിൽ ജലഗതാഗതം യാത്രക്കായി ഉയോഗിക്കുന്നവർക്ക് ബുദ്ധിമുട്ടാവും.
കോട്ടയത്തെ പ്രധാന സർക്കാർ ഓഫിസുകളിലടക്കം പോകുന്നവർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ ആശ്രയിക്കുന്നത് ബോട്ടുയാത്രയാണ്. കൂടാതെ വിനോദസഞ്ചാരികളും ചെലവ് കുറഞ്ഞ യാത്രക്കായി ഈ മാർഗം പ്രയോജനപ്പെടുത്തുന്നുണ്ട്. ജലഗതാഗത വകുപ്പിന് കാര്യമായ വരുമാനം നേടിക്കൊടുക്കുന്ന റൂട്ടുകൂടിയാണിത്.
പായൽ നിറഞ്ഞതുമൂലം മത്സ്യത്തൊഴിലാളികൾക്ക് ജോലിക്കുപോകുവാനും കഴിയുന്നില്ല. ഹൗസ് ബോട്ട് യാത്രയും മുടങ്ങുന്നു. അധികൃതർ പ്രശ്നത്തിൽ ഗൗരവമായി ഇടപെടുന്നില്ലെന്ന് മുഹമ്മ-കുമരകം ബോട്ട് പാസഞ്ചേഴ്സ് അസോ. ഭാരവാഹികൾ ആരോപിക്കുന്നു. അടിയന്തരമായി പോള നീക്കംചെയ്ത് കുമരകം ജെട്ടിവരെ ബോട്ടുയാത്ര ഉറപ്പുവരുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

