പാതിരപ്പള്ളി എക്സൽ: സർക്കാറിനെ 'മുട്ടുകുത്തിക്കാൻ' സി.പി.ഐയുടെ പ്രതിഷേധജ്വാല
text_fieldsഎക്സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കാത്തതിൽ എ.ഐ.ടി.യു.സി സംഘടിപ്പിച്ച ‘പ്രതിഷേധജ്വാല’
ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്സൽ ഫാക്ടറി തുറക്കാൻ സമരം ചെയ്തവരുടെ പാർട്ടിയും മുന്നണിയും ഭരണത്തിലേറി വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാപനം തുറന്നില്ലെന്നു മാത്രമല്ല, സമരം ചെയ്യുന്ന കാര്യത്തിൽപോലും വ്യത്യസ്ത നിലപാട്.
ഒമ്പത് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന, ഇപ്പോൾ ലിക്വിഡേഷനിൽ ഉള്ള കലവൂർ എക്സൽ ഗ്ലാസസ് ഫാക്ടറി വിഷയത്തിലാണ് എൽ.ഡി.എഫിലെ മുഖ്യകക്ഷികൾ തമ്മിൽ ഭിന്നത. പരസ്യ സമരപരിപാടികളുമായി സി.പി.ഐ ഒത്താശയോടെ എ.ഐ.ടി.യു.സി രംഗത്തിറങ്ങിയിരിക്കെ സി.പി.എം യൂനിയനായ സി.ഐ.ടി.യു മാറിനിൽക്കുന്നു.
ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.ഐ പലകുറി ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് 'പ്രതിഷേധ ജ്വാല'യുമായി സി.പി.ഐ യൂനിയൻ മുന്നോട്ട് വന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഫാക്ടറി ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ച് സി.പി.ഐ-സി.പി.എം യൂനിയനുകൾ സമരരംഗത്തായിരുന്നു. എന്നാൽ, എൽ.ഡി.എഫ് ഭരണം അഞ്ചര വർഷമാകുേമ്പാഴും നടപടിയില്ല.
തോമസ് ഐസക് ധനമന്ത്രിയായിരിക്കെ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനെന്ന പേരിൽ നാല് കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും വിതരണംചെയ്തില്ല. അറുനൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
ഇവരിൽ കുറച്ചുപേർ മരിച്ചു. ഇരുനൂറോളം പേർക്ക് പെൻഷൻ പ്രായം കഴിഞ്ഞു. 2010ൽ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് സർക്കാർ ലഭ്യമാക്കിയ 14.5 കോടി വായ്പ ഉപയോഗിച്ച് ഫാക്ടറി തുറന്നെങ്കിലും 2012ൽ വീണ്ടും പൂട്ടി. ഫാക്ടറിയുടെ 23 ഏക്കറോളം വസ്തുവും കെട്ടിടസാമഗ്രികളും ഉൾെപ്പടെ ആദ്യം 99 കോടിക്കാണ് ലേലത്തിൽ വെച്ചത്. എന്നാൽ, ലേലം പിടിക്കാൻ ആളില്ലാതെവന്നതോടെ പലവട്ടം കുറച്ച് ഇപ്പോൾ 80 കോടിക്ക് ലേലത്തിന് വെച്ചിരിക്കുകയാണ്.
തൊഴിലാളികൾക്ക് നഷ്ടപരിഹാരവും ധനകാര്യസ്ഥാപനങ്ങൾക്ക് വായ്പ കുടിശ്ശികയും വൈദ്യുതി കുടിശ്ശികയും മറ്റ് ബാധ്യതകളുമായി 200 കോടിയോളം രൂപയുടെ കടം ഫാക്ടറിക്കുണ്ടെന്നിരിക്കെയാണിത്. ലേലം നടന്നാലും തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം കിട്ടില്ലെന്ന ആശങ്കക്കിടെയാണ് ഫാക്ടറി തുറക്കണമെന്ന ആവശ്യമുയർത്തി സി.ഐ.ടി.യു ഒഴികെ സംഘടനകൾ രംഗത്തുവന്നത്.
തകർച്ചക്ക് കാരണം തോമസ് ഐസക്കിെൻറ ദുർവാശി –ആഞ്ചലോസ്
മാരാരിക്കുളം: എക്സൽ ഗ്ലാസ് ഫാക്ടറിയുടെ കാര്യത്തിൽ മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിെൻറ ദുർവാശിയാണ് സ്ഥാപനെത്ത ഇരുട്ടിലാക്കിയതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. എ.ഐ.ടി.യു.സി നേതൃത്വത്തിൽ സംഘടിപ്പിച്ച 'പ്രതിഷേധജ്വാല' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്ലാസ് വ്യവസായത്തിന് വലിയ സാധ്യതയുള്ള കാലമാണിത്. ഗ്ലാസ് ബോട്ടിലുകളൊ സോളാർ പാനലിെൻറ ഭാഗങ്ങളോ നിർമിച്ചാൽ നല്ലനിലയിൽ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. എന്നാൽ, ആർക്കൊക്കെയോ ദുർവാശിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യവസായങ്ങൾ നാടിെൻറ നട്ടെല്ലാണെന്ന ഉറച്ച ധാരണയിലാണ് വ്യവസായ സംരക്ഷണത്തിന് എ.ഐ ടി.യു.സി മുന്നിട്ടിറങ്ങാൻ കാരണമെന്നും സി.പി.ഐ നേതാവ് പറഞ്ഞു.
പി.യു. അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. വി. മോഹൻദാസ്, പി.വി. സത്യനേശൻ, വി.പി. ചിദംബരൻ, ദീപ്തി അജയകുമാർ, ആർ. അനിൽകുമാർ, ഡി.പി. മധു, ആർ. ശശിയപ്പൻ, ടി.പി. ഷാജി എന്നിവർ സംസാരിച്ചു. സ്ഥാപനം അടച്ചതിെൻറ ഒമ്പതാം വാർഷികദിനമായ ഡിസംബർ 27ന് കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.