ആലപ്പുഴ: സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുകയും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്നതുമായ പാസഞ്ചർ ട്രെയിനുകൾ ഇപ്പോഴും ഓടിത്തുടങ്ങിയില്ല. ഇതോടെ വലിയ തുക ബസിനു നൽകേണ്ടി വരുകയാണിപ്പോൾ യാത്രക്കാർ. ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കും മറ്റും ജോലിക്കു പോകുന്നവരാണ് പാസഞ്ചറിെൻറ അഭാവത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ കോവിഡിനെത്തുടർന്ന് നിരക്കിൽ 25 ശതമാനത്തിലധികം വർധന വരുത്തിയ സാഹചര്യത്തിൽ ബസ് യാത്ര സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്നു.
പാസഞ്ചർ ട്രെയിനുകളിൽ സീസൺ ടിക്കറ്റുകളുള്ളതിനാൽ ചെറിയ തുകയിൽ ഒരുമാസം മുഴുവൻ യാത്രചെയ്യാൻ സാധിക്കുമായിരുന്നു. സീസൺടിക്കറ്റ് എടുത്തില്ലെങ്കിലും താരതമ്യേന ചെറിയനിരക്കു മാത്രമാണ് പാസഞ്ചറിൽ. ലോക്ഡൗണിനെത്തുടർന്ന് ട്രെയിൻ സർവിസ് കൂടുതലും നിർത്തിവെച്ചപ്പോൾ പാസഞ്ചറുകളും നിർത്തലാക്കുകയായിരുന്നു. ലോക്ഡൗൺ ഇളവ് വന്നപ്പോൾ മറ്റു ട്രെയിനുകൾ പുനരാരംഭിച്ചെങ്കിലും പാസഞ്ചറുകൾക്ക് അനുമതി ലഭിച്ചില്ല. ഇപ്പോൾ പ്രധാനമായും ഓടുന്നത് എക്സ്പ്രസ് ട്രെയിനുകളാണ്. ഇതാകട്ടെ മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്യണം. കൗണ്ടറിൽനിന്ന് ടിക്കറ്റ് നൽകുന്നത് കുറവാണ്. ഓൺലൈനിലും ടിക്കറ്റ് ഒരുമാസം നിശ്ചിത എണ്ണം മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. പാസഞ്ചറിൽ യാത്ര ചെയ്യുന്നതിെൻറ ഇരട്ടിയിലധികം രൂപ നൽകുകയും വേണം. ചെറിയ വരുമാനത്തിൽ ദൂരസ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർക്ക് എക്സ്പ്രസിനെ ആശ്രയിക്കാൻ സാധിക്കുകയില്ല.
റെയിൽവേക്കും ജില്ലകളിലെ എം.പിമാർക്കും പലവട്ടം പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടിെല്ലന്ന് യാത്രക്കാർ പറയുന്നു. പാസഞ്ചറുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഒരുതീരുമാനവും റെയിൽവേ എടുത്തിട്ടില്ല. മെമു ട്രെയിനുകൾ ആലപ്പുഴ -എറണാകുളം റൂട്ടിൽ ഓടുന്നുണ്ടെങ്കിലും അതിലും സ്പെഷൽ ട്രെയിനുകളുടെ കൂടിയനിരക്ക് തന്നെയാണ് വാങ്ങുന്നത്. സാധാരണക്കാർക്ക് ഈ ട്രെയിനും പ്രയോജനപ്പെടാത്ത അവസ്ഥയാണ്. പാസഞ്ചർ ഒാടി തുടങ്ങിയാലല്ലാതെ സാധാരണക്കാർക്ക് മിതമായ നിരക്കിൽ യാത്ര സാധ്യമാകില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.