അഴകിന് വഴിതേടി എഴുപുന്ന പഞ്ചായത്ത്; കോങ്കേരി തോട് മാലിന്യമുക്തമാക്കും
text_fieldsഇരുവശങ്ങളിലും ഇരുമ്പുവേലികൾ സ്ഥാപിച്ച എഴുപുന്ന കൊങ്കേരി പാലം
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള തീവ്രശ്രമത്തിന് തുടക്കമിട്ട് ഭരണസമിതി. ഏറ്റവും അധികം അഴുക്കൊഴുകുന്ന കോങ്കേരി തോട് മാലിന്യമുക്തമാക്കുന്നതിനാണ് പ്രഥമ പരിഗണന. തോട്ടിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ കോങ്കേരി പാലത്തിന്റെ രണ്ടുവശങ്ങളിലും ഒരാൾ പൊക്കത്തിലധികം ഉയരത്തിൽ ഗ്രില്ല് പിടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അതിനെയും കടന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രണ്ട് കാമറകളും സ്ഥാപിച്ചു. പാലത്തിലൂടെ ചാക്കുകണക്കിന് മാലിന്യമാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളിക്കൊണ്ടിരുന്നത്. പൊതു ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും പഞ്ചായത്ത് വളരെ ശ്രദ്ധകൊടുക്കുന്നുണ്ടെന്ന് ആരോഗ്യകമ്മിറ്റി ചെയർമാൻ പി.കെ. മധുകുട്ടൻ പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപം നടത്തിയ വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ, വണ്ടികൾ എന്നിവയിൽനിന്ന് കഴിഞ്ഞ ഒന്നരമാസം കൊണ്ട് 55,000 രൂപ പിഴയായി ഈടാക്കിയെന്നും അശ്രദ്ധമായി മാലിന്യം, പ്ലാസ്റ്റിക് എന്നിവ കൈകാര്യം ചെയ്തവർക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാന്ത് പറഞ്ഞു. വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിൻ എഴുപുന്നയില്‍ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ. മാലിന്യം നീക്കംചെയ്ത സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയാൽ കുറ്റം ചെയ്തവർക്കെതിരെ ഹരിതനിയമങ്ങള്‍ പ്രകാരം 25,000 രൂപ വരെയുള്ള പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി എല്ലാ വാർഡുകളിലും ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

