അരൂക്കുറ്റി: മാറിമറിഞ്ഞു വരുന്ന ഭരണമാറ്റംകൊണ്ട് ശ്രദ്ധേയമായ അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തിളച്ചുമറിയുന്നു. ജില്ലയുടെ അതിരുഗ്രാമമായ അരൂക്കുറ്റിയിൽ മത്സരച്ചൂടിന് കോവിഡുകാലത്തും തടസ്സങ്ങളില്ല. 13 വാർഡുള്ള ഗ്രാമപഞ്ചായത്തിെൻറ ഭരണത്തുടർച്ചയാണ് എൽ.ഡി.എഫിെൻറ അജണ്ട. യു.ഡി.എഫ് ലക്ഷ്യമിടുന്നത് ഭരണം തിരിച്ചുപിടിക്കലും.
സി.പി.എം എട്ട് സീറ്റിൽ മത്സരിക്കുമ്പോൾ നാല് സീറ്റിൽ സി.പി.ഐയും ഒരിടത്ത് ലോക് താന്ത്രിക് ജനതാദളും ജനവിധി തേടുന്നു. യു.ഡി.എഫിൽ കോൺഗ്രസ് 11 സീറ്റിലും മുസ്ലിം ലീഗ് ഒരുസീറ്റിലും ജനവിധി തേടുന്നു. ഒരു സീറ്റിൽ വെൽഫെയർ പാർട്ടിക്ക് യു.ഡി.എഫ് പിന്തുണ നൽകുന്നു. രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് തുടങ്ങിയ വാർഡുകളിൽ ശക്തമായ മത്സരമാണ്.
തുടക്കത്തിൽ ചില വാർഡുകളിൽ ഭീഷണി സൃഷ്ടിച്ചിരുന്ന തർക്കം പരിഹരിച്ച് തെരഞ്ഞെടുപ്പിനെ ഒറ്റെക്കട്ടായി നേരിടുന്ന കോൺഗ്രസ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി, മുസ്ലിം ലീഗുമായി പൂർണ യോജിപ്പിൽ പോകുന്നതും വെൽഫെയർ പാർട്ടിയുടെ പിന്തുണയും പഞ്ചായത്ത് ഭരണം തിരികെ പിടിക്കാൻ സഹായമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എന്നാൽ, വിമതശല്യവും സി.പി.എമ്മിലെ വിഭാഗീയതയും പരിഹരിക്കാനാകാത്തത് ഇടതുമുന്നണിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. മൂന്നാം വാർഡിൽ സി.പി.എമ്മിെൻറ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സജീവ പാർട്ടി പ്രവർത്തകൻ സ്വതന്ത്രനായി മത്സരിക്കുന്നത് ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിച്ചിട്ടുണ്ട്. 30 വർഷമായി ഡി.വൈ.എഫ്.െഎ-സി.പി.എം പ്രവർത്തനരംഗത്തുള്ള കെ.എ. മാത്യുവിന് സീറ്റ് നിഷേധിച്ചതാണ് പാർട്ടിക്ക് വിനയായത്. പ്രാദേശികമായി പാർട്ടി നിശ്ചയിച്ച ഇദ്ദേഹത്തിന് പകരം മേൽകമ്മിറ്റി കെ.ടി. ജയദേവൻ മാസ്റ്ററെ തീരുമാനിക്കുകയായിരുന്നു. പ്രസിഡൻറ് പദത്തിലേക്ക് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്ന ഇദ്ദേഹത്തിെൻറ സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധം പാർട്ടി അണികളിൽതന്നെയുണ്ട്. സി.പി.എമ്മിലെ വിമതസാന്നിധ്യം തനിക്ക് വിജയം നൽകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് മുൻ അംഗംകൂടിയായ കോൺഗ്രസ് സ്ഥാനാർഥി കെ.എൽ. ആരോമലുണ്ണി.
സി.പി.എം-സി.പി.ഐ ഭിന്നതയാണ് ഒമ്പതാം വാർഡിൽ ഇടതുമുന്നണിക്ക് തലേവദനയായിരിക്കുന്നത്. ഇതുമൂലം യു.ഡി.എഫ് സ്ഥാനാർഥി അഷ്റഫ് വെള്ളേഴത്തിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻപോലും ഇടതുമുന്നണിക്ക് കഴിയുന്നില്ല. പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറുമായ അഷ്റഫ്, പഞ്ചായത്ത് പ്രസിഡൻറ് പദവിക്ക് സാധ്യത കൽപിക്കുന്ന സ്ഥാനാർഥികൂടിയാണ്.
ഏഴാം വാർഡിൽ യു.ഡി.എഫ് പിന്തുണയുള്ള വെൽഫെയർ പാർട്ടി സ്ഥാനാഥി എൻ.എ. സക്കരിയയെ നേരിടുന്നത് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.എം. ഷാനവാസാണ്. പൊതുപ്രവർത്തനരംഗത്തെ നിറസാന്നിധ്യവും മാധ്യമപ്രവർത്തകനുമായ സക്കരിയ മികച്ച സംഘാടകനെന്ന നിലയിൽ ജനസേവന, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നടത്തിയ ഇടപെടലുകൾ തുണക്കുമെന്ന പ്രതീക്ഷയിലാണ്. കായികരംഗത്തും സാമൂഹിക-രാഷ്ട്രീയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഷാനവാസുമായി കടുത്ത മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. എസ്.ഡി.പി.ഐയിലെ ഷാജഹാനും ഇവിെട മത്സരിക്കുന്നുണ്ട്.
നിലവിലുണ്ടായിരുന്ന ഭരണസമിതിയിലെ പഞ്ചായത്ത് പ്രസിഡൻറ് സി.പി.ഐയിലെ മുംതാസ് സുബൈറും പഞ്ചായത്ത് മുൻ മെംബറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന റഹിയാനത്തും തമ്മിലെ മത്സരമാണ് വനിത സംവരണമായ ആറാം വാർഡിനെ ശ്രദ്ധേയമാക്കുന്നത്. 10 വർഷമായി സി.പി.െഎയുടെ കൈവശമുള്ള വാർഡ് എങ്ങനെയും തിരിച്ചുപിടിക്കുമെന്ന വാശിയേറിയ മത്സരപ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്.
12 വാർഡിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള ബി.ജെ.പി രണ്ടാം വാർഡിൽ കനത്ത മത്സരം കാഴ്ചവെക്കുന്നു. ഇരുമുന്നണിക്കും ബി.ജെ.പി ഇവിടെ ഭീഷണി ഉയർത്തുന്നുണ്ട്. രണ്ട് വാർഡുകളിലാണ് എസ്.ഡി.പി.ഐ സ്ഥാനാർഥികളുള്ളത്. 12ാം വാർഡിലും ബ്ലോക്ക് പഞ്ചായത്ത് നദ്വത്ത് നഗർ ഡിഷനിലുമാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. ഈ ഡിവിഷനിൽ പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ പി.എസ്. ബാബുവിനെയാണ് ലീഗിലെ അനീസ് നേരിടുന്നത്.