നെല്ല് സംഭരണം; കൂടുതൽ മില്ലുകാർ എത്തിത്തുടങ്ങി
text_fieldsആലപ്പുഴ: ജില്ലയിൽ നെല്ല് സംഭരണത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ആശ്വാസമായി കൂടുതൽ മില്ലുകാർ എത്തിത്തുടങ്ങി. സംഭരണച്ചുമതല സഹകരണ സംഘങ്ങളെ ഏൽപിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരവെയാണ് മില്ലുകാർ സംഭരണത്തിന് സന്നദ്ധരാകുന്നത്.
ഇതുവരെ 21 മില്ലുകാർ എത്തി. ഇതോടെ രണ്ടാംവിള നെല്ല് സംഭരണം കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്. നാല് മില്ലുകൾ മാത്രമാണ് ജില്ലയിൽ നെല്ലെടുക്കാൻ ഉണ്ടായിരുന്നത്. ഇതുമൂലം ഒന്നാംവിള സംഭരണത്തിന് തടസ്സം നേരിട്ടിരുന്നു. നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ മഴയത്ത് കിടന്നത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. ഒന്നാംവിള കൊയ്ത്ത് വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 88.40 ശതമാനം പൂർത്തിയായി.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സംഭരണത്തിനില്ലെന്ന മില്ലുകളുടെ കടുംപിടുത്തത്തിന് മുന്നിൽ സർക്കാറും നിസ്സഹായരായിരുന്നു. നെല്ലിന്റെ കിഴിവിനെ ചൊല്ലിയും ഔട്ട് ടേൺ റേഷ്യോയെ ചൊല്ലിയുമുള്ള തർക്കമാണ് നെല്ല് സംഭരണത്തിന് പ്രധാന തടസ്സമായത്. 100 കിലോ നെല്ലിന് 68 കിലോ അരി നൽകണമെന്ന (ഔട്ട് ടേൺ റേഷ്യോ) കേന്ദ്ര സർക്കാർ വ്യവസ്ഥ അംഗീകരിക്കാൻ മില്ലുകാർ തയാറായിരുന്നില്ല. 64 കിലോ അരിയേ നൽകാനാവൂ എന്നാണ് മില്ലുകാരുടെ വാദം.
66.5 കിലോ നൽകിയാൽ ബാക്കി തുക നഷ്ടപരിഹാരമായി നൽകാമെന്ന സംസ്ഥാന സർക്കാർ നിർദേശവും മില്ലുടമകളുടെ സംഘടന അംഗീകരിച്ചിരുന്നില്ല. അതോടെ സംഘടനയുമായുള്ള ചർച്ച സർക്കാർ അവസാനിപ്പിച്ചിരുന്നു. അതിനുശേഷം സർക്കാർ വ്യവസ്ഥ അംഗീകരിച്ച് സംഭരിക്കാൻ തയാറായി നാല് മില്ലുകാർ സ്വന്തംനിലയിൽ മുന്നോട്ടുവന്നു. സാധാരണ 52 അരിമില്ലുകളാണ് സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നതിന് സർക്കാറുമായി കരാറിൽ ഏർപ്പെടാറുള്ളത്.
മില്ലുകാരുടെ കടുംപിടുത്തത്തിന് വഴങ്ങാതെ സഹകരണ സംഘങ്ങളെ കൊണ്ട് നെല്ല് സംഭരിപ്പിക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കിയതോടെയാണ് മില്ലുകാർ ഇപ്പോൾ സർക്കാർ വ്യവസ്ഥകൾ അംഗീകരിച്ച് സംഭരണത്തിന് തയാറായി എത്തിയത്. ഫെബ്രുവരിയിൽ രണ്ടാംവിള കൊയ്ത്തു തുടങ്ങും. കുടുതൽ മില്ലുകാർ എത്തിയതിനാൽ രണ്ടാം വിള സംഭരണം വേഗത്തിൽ നടക്കാൻ സാധ്യതയുണ്ട്.
ഒന്നാംവിള സീസണിൽ വെള്ളിയാഴ്ചവരെയുള്ള കണക്ക്
- ആകെ കൃഷി ചെയ്ത ഭൂമി: 7782.48 ഹെക്ടർ
- പ്രതീക്ഷിക്കുന്ന വിളവ്: 48289.99 മെട്രിക് ടൺ
- സംഭരണത്തിന് എത്തിയ മില്ലുകൾ: 11
- മില്ലുകൾക്ക് അലോട്ട് ചെയ്ത നെല്ലിന്റെ അളവ്: 32736.31 മെട്രിക് ടൺ
- ഇതുവരെ കൊയ്തത്: 88.40 ശതമാനം
- നെല്ല് സംഭരിച്ച കർഷകരുടെ എണ്ണം: 7337
- സംഭരിച്ച നെല്ലിന്റെ അളവ്: 23724 മെട്രിക് ടൺ
- കൊയ്ത്ത് കഴിഞ്ഞത്: 33202.80 മെട്രിക് ടൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

