ആലപ്പുഴ: പുഞ്ചകൃഷിയിൽ വിളഞ്ഞ നെല്ലിെൻറ വില ഇനിയും ലഭിക്കാത്തത് കുട്ടനാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മാർച്ച് 17വരെ പി.ആർ.എസ് (പാഡി റെസീപ്റ്റ് ഷീറ്റ്) നൽകിയ കർഷകർക്കാണ് ഒടുവിൽ വില കിട്ടിയത്. പുഞ്ചകൃഷിയുടെ കൊയ്ത്ത് വ്യാപകമായ മാർച്ച്-ഏപ്രിൽ മാസങ്ങളിലെ നെല്ലുവിലയാണ് കിട്ടാനുള്ളത്.
9,540 പി.ആർ.എസ് രസീതുകളിലായി 86 കോടിയാണ് ഇതുവരെ കർഷകർക്ക് നൽകിയത്. 19,453 പി.ആർ.എസുകളിലായി 149 കോടിയോളമാണ് കുടിശ്ശിക. ഏപ്രിൽ മുതൽ കിട്ടേണ്ട പുതുക്കിയ നെല്ലുവില സംബന്ധിച്ച ഉത്തരവും പാഡി ഓഫിസുകളിൽ ലഭ്യമായിട്ടില്ല.
ഒരുകിലോ നെല്ലിെൻറ വില 28 രൂപയായാണ് ബജറ്റിൽ വർധിപ്പിച്ചത്. 27.48 രൂപയാണ് പഴയ വില. ഏപ്രിൽ മാസത്തിലും പി.ആർ.എസ് രസീതുകളിൽ പഴയവിലയാണ് രേഖപ്പെടുത്തുന്നത്. പുതിയ സർക്കാർ അധികാരമേൽക്കാതെ വിലവർധന ആനുകൂല്യം ലഭ്യമാകില്ലെന്നാണ് സൂചന.
ജില്ലയിൽ 27,532 ഹെക്ടറിലാണ് പുഞ്ചകൃഷി. 36,000 ത്തോളം കർഷകരാണ് നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്തത്. 24,250 ഹെക്ടറിലെ കൊയ്ത്ത് പൂർത്തിയായി. ഒരു മാസത്തിനകം അവശേഷിക്കുന്ന 3282 ഹെക്ടറിലെ കൊയ്ത്ത് പൂർത്തിയാകും. കഴിഞ്ഞ ഒരാഴ്ചക്കിടെ പെയ്ത മഴ കൊയ്ത്തിനെയും സംഭരണത്തെയും ബാധിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ ഒരു പാടശേഖരം ഒഴികെ ശേഷിക്കുന്നത് അപ്പർ കുട്ടനാട് മേഖലയിലാണ്.
ഒരാഴ്ചക്കിടെ പെയ്ത മഴയിൽ ജില്ലയിൽ 16കോടിയുടെ നാശനഷ്ടമുണ്ടായി. പുഞ്ചകൃഷിയിൽ മാത്രമുണ്ടായ നഷ്ടമാണിത്. 40 മുതൽ കൊയ്ത്തിനു പാകമായ 120 ദിവസമെത്തിയ നെൽച്ചെടികൾ വരെയാണ് നശിച്ചത്. ആകെ 1360 ഹെക്ടറിലെ കൃഷി നശിച്ചു. 90 ശതമാനവും നാശമുണ്ടായത് അപ്പർ കുട്ടനാട് മേഖലയിലാണ്.
ഇതിന് പുറമെയാണ് കിഴിവ് തൂക്കത്തെച്ചൊല്ലി തർക്കത്തിൽ പലയിടത്തും കൊയ്തെടുത്ത നെല്ല് കെട്ടിക്കിടക്കുന്നത്. ചിലയിടങ്ങളിൽ പ്രശ്നം പരിഹരിച്ചെങ്കിലും പല പാടശേഖരങ്ങളിലും പരിഹാരമായിട്ടില്ല.