കതിരുകാണാപാടങ്ങളിൽ കാടുകയറുന്നു
text_fieldsഅരൂർ മേഖലയിലെ കൃഷിയില്ലാത്ത കാടുകയറിയ പാടശേഖരങ്ങളിൽ ഒന്ന്.
അരൂർ: വർഷങ്ങളായി അരൂർ മണ്ഡലത്തിൽ തരിശു കിടക്കുന്ന പാടശേഖരങ്ങൾ കാടുകയറി നശിക്കുന്നു. അരൂർ പള്ളിപ്പാടം, വട്ടക്കേരി, കുമ്പഞ്ഞി, ചന്തിരൂർ ഇളയപാടം എന്നിവ പതിറ്റാണ്ടുകളായി കാടു കയറി നശിക്കുകയാണ്. ശേഷിക്കുന്ന പാടശേഖരങ്ങളിൽ മത്സ്യകൃഷി തുടർച്ചയായി നടക്കുന്നു.
ഇളയപാടം 110 ഏക്കറാണ്. കുമ്പഞ്ഞി 200 ഏക്കറിലേറെയുണ്ട്. ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിലെ അഞ്ചടി പാടശേഖരത്തിൽ മാത്രമാണ് മുറതെറ്റാതെ നെൽകൃഷിയിറക്കുന്നത്. 1980 വരെ പരമ്പരാഗത ചെട്ടിവിരിപ്പ് നെല്ല് നൂറുമേനിയിൽ വിളഞ്ഞിരുന്ന പാടശേഖരങ്ങളാണ് ഇളയപാടം, കുമ്പഞ്ഞി പാടശേഖരങ്ങൾ. എന്നാൽ തൊണ്ണുറുകളോടെ മൽസ്യകൃഷി വ്യാപകമായപ്പോൾ നെൽകൃഷി ചെയ്യാൻ കർഷകർക്ക് താല്പര്യമില്ലാതായി.
പാടത്ത് വെട്ടും കിളയുമില്ലാതെ വർഷത്തിലൊരിക്കൽ മൽസ്യകൃഷിയുടെ ആദായം കർഷകർക്ക് കിട്ടിയതും, നെൽകൃഷിക്ക് തൊഴിലാളികളെ കിട്ടാതായതും, കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നഷ്ടത്തിലാകുന്നതും ലാഭം മത്രം കിട്ടുന്ന മത്സ്യ കൃഷിയിലേക്ക് കർഷകരെ തിരിച്ചുവിട്ടു. കൂടുതൽ പാടശേഖരങ്ങൾ 12 മാസവും മത്സ്യകൃഷി മാത്രം നടത്തി. ഇത് പ്രദേശത്തിന്റെ പരിസ്ഥിതിക്കും ശുദ്ധജലക്ഷാമത്തിനും, ഉപ്പു കയറി വീടുകൾക്ക് നാശം ഉണ്ടാക്കുന്നതിനും കാരണമായി.
ശേഷിച്ചിരുന്ന ശുദ്ധജല സ്രോതസുകളും മലിനമായി. പച്ചക്കറി, വാഴ തുടങ്ങിയ നാട്ടുകൃഷികൾ വേരറ്റു. അരൂർ മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട് തുടങ്ങിയ പഞ്ചായത്തുകളിലെ വിശാലമായ പൊക്കാളി കൃഷി സർവനാശത്തിലേക്ക് നീങ്ങി. ഇതേത്തുടർന്ന് സർക്കാരിന്റെ ഒരു നെല്ലും മീനും പദ്ധതി ആവിഷ്കരിച്ച് ജില്ലാ ഭരണകൂടം കലക്ടറുടെ നിർദേശ പ്രകാരം നെൽകൃഷി വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇച്ഛാശക്തിയോടെ നെൽകൃഷിക്ക് വേണ്ടി ആരും പരിശ്രമിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്. യഥാസമയം കൃഷിയില്ലാത്തതു മൂലം വിശാലമായ പാടശേഖരങ്ങൾ കാടു കയറി. ഇപ്പോൾ പഴയ നെൽപ്പാടങ്ങൾ ഇഴജന്തുക്കളുടെയും മറ്റും വിഹാരകേന്ദ്രമാണ്. ഇതിനിടെ പാടങ്ങൾ പല വിധത്തിൽ നികത്തിയും തെങ്ങിൻ ചിറ പിടിപ്പിച്ച് രൂപം മാറ്റം വരുത്തിയും റിയൽ എസ്റ്റേറ്റ് വ്യവസായം വളരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

