ഓപ്പറേഷൻ തണ്ടർ; 50 ദിവസത്തിനിടെ 1751 പരിശോധന, 359 പേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വ്യാപനവും വിപണനവും തടയാൻ എക്സൈസ് നടത്തിയ ഓപറേഷൻ തണ്ടർ പരിശോധനകളിൽ 232 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ 196ഉം മയക്കുമരുന്നു കേസുകളിൽ 163ഉം ഉൾപ്പെടെ 359പേർ അറസ്റ്റിലായി. മേയ് 18 മുതൽ ജൂലൈ ഒമ്പത് വരെ കാലയളവിൽ 1,751 പരിശോധനകൾ നടത്തി. സംശയ സാഹചര്യത്തിൽ 2,686 വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കി. മൂന്നുവാഹനങ്ങളും 12,480 രൂപയും പിടിച്ചെടുത്തു. ഇതിനുപുറമെ മുൻകാല കേസുകളിലെ രണ്ട് പ്രതികളെയും പിടികൂടി.
11.200 ലിറ്റർ വ്യാജചാരായം, 446.650 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 395 ലിറ്റർ വാഷ് (വ്യാജമദ്യ നിർമാണത്തിന് വെച്ചിരുന്നത്), 9.5 ലിറ്റർ ബിയർ, 1.25 ലിറ്റർ ഇതരസംസ്ഥാന മദ്യം, നാല് ലിറ്റർ വ്യാജമദ്യം (വ്യാജമദ്യ നിർമാണത്തിന് ഉപയോഗിച്ച ഒരു ഗ്യാസ് സിലിണ്ടറും സ്റ്റൗവും കണ്ടെടുത്തു) എന്നിവയാണ് പിടികൂടിയത്. മയക്കുമരുന്ന് കേസുകളുമായി (എൻ.ഡി.പി.എസ്) 169 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഉൾപ്പെട്ട 166 പ്രതികളിൽ 163 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽനിന്ന് 4,64,320 രൂപ തൊണ്ടിമുതലായി പിടിച്ചെടുക്കുകയും ലഹരി കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത മയക്കുമരുന്നുകൾ: മെത്താംഫെറ്റാമൈൻ : 151.241 ഗ്രാം, ഹെറോയിൻ : 148.813 ഗ്രാംഹാഷിഷ് ഓയിൽ: 42.500 ഗ്രാം, എം.ഡി.എം.എ: 0.400 ഗ്രാം കഞ്ചാവ്: 12.611 കിലോ, കഞ്ചാവ് ചെടികൾ: എട്ട്, കഞ്ചാവ് ബീഡി: എട്ട്. പൊതുസ്ഥലങ്ങളിലെ പുകവലിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപനയും തടയുന്ന കോട്പ നിയമപ്രകാരം 1,111 കേസുകൾ രജിസ്റ്റർ ചെയ്തു. 1100 പ്രതികളിൽ നിന്നായി 2,22,200 രൂപ പിഴയായി ഈടാക്കി. 179.001 കിലോ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
വിദ്യാർഥികളെ ലഹരിമാഫിയകളിൽനിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളുടെയും കോളജുകളുടെയും പരിസരങ്ങളിൽ മാത്രം 1,450 മിന്നൽ പരിശോധനകൾ നടത്തി. കൂടാതെ 1,746 കള്ളുഷാപ്പുകളിലും, 20 കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളിലും, മറ്റ് വിവിധ മദ്യശാലകളിലും പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനുകളിൽ 236 പരിശോധനകളും ബസ് സ്റ്റാൻഡുകളിൽ 298 പരിശോധനകളും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ 50 പരിശോധനകളും നടത്തി. പരിശോധനകളുടെ ഭാഗമായി വിവിധ മദ്യശാലകളിൽ നിന്ന് കള്ളുഷാപ്പുകളിൽ നിന്നുമായി നാനൂറോളം സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

