ഓപറേഷൻ പി-ഹണ്ട്; ആലപ്പുഴ ജില്ലയിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്തു
text_fieldsആലപ്പുഴ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്തുന്നതിന് ജില്ല പൊലീസ് നടത്തിയ ഓപറേഷൻ പി-ഹണ്ട് റെയ്ഡിൽ ജില്ലയിൽ 3 കേസുകൾ രജിസ്റ്റർ ചെയ്തു.
ജില്ലയിൽ പല സംഘങ്ങളായി തിരിഞ്ഞ് 35 സ്ഥലങ്ങളിൽ ഞായറാഴ്ച രാവിലെ 7.30 മുതലായിരുന്നു റെയ്ഡ്. മൊബൈൽഫോൺ, ഹാർഡ് ഡിസ്ക്,ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന ഉപകരണങ്ങളാണിവ. ഇവയിൽപലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സംശയിക്കുന്നു. വിദഗ്ധ പരിശോധനക്ക് അയച്ച് ശരിയാെണന്ന് തെളിഞ്ഞാൽ ഇവർക്കെതിരെ മറ്റു നിയമനടപടികൾ സ്വീകരിക്കും .
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവെക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും വ്യാപകമായതോടെ ഓപറേഷൻ പി-ഹണ്ട് എന്ന പേരിൽ പൊലീസ് റെയ്ഡ് ശക്തമാക്കി.
വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ 16 സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്കയച്ചു. പിടിയിലായവർക്കെതിരെ പോക്സോ നിയമപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസറുകളിലൂടെയും വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നവരുടെയും പങ്കുവെക്കുന്നവരുടെയും ഫോണുകൾ സൈബർസെല്ലിെൻറ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിെൻറ ഭാഗമായി ഫോണുകളിൽ കുട്ടികളുടെ ദൃശ്യങ്ങൾ സ്ഥിരീകരിച്ചവരെ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എം.കെ. രാജേഷ് റെയ്ഡിന് നേതൃത്വം നൽകി.