ഓപറേഷൻ പി-ഹണ്ട്: ആലപ്പുഴ ജില്ലയിൽ 24 കേസ്
text_fieldsആലപ്പുഴ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി പൊലീസ് നടത്തിയ ഓപറേഷൻ പി-ഹണ്ടിൽ ജില്ലയിൽ 24 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു റെയ്ഡ്. 24 മൊബൈൽ ഫോണുകൾ റെയ്ഡിൽ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്നതാണിവ.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവെക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും വ്യാപകമായതോടെ ഓപറേഷന് പി-ഹണ്ട് എന്ന പേരിൽ പൊലീസ് റെയ്ഡ് ശക്തമാക്കിയതോടെ വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടശേഷം സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായും സംശയിക്കുന്നു. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും ഞായറാഴ്ച രാവിലെ ഏഴ് മുതലായിരുന്നു റെയ്ഡ്. സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. വിനോദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധർ റെയ്ഡ് ഏകോപിപ്പിച്ചു.
നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും, ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവർ സൈബർ പൊലീസ് സ്റ്റേഷനിൽ 0477-2230804 നമ്പറിൽ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

