സർവർ തകരാർ: പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ നിശ്ചലമായി
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: സാങ്കേതികതകരാറിനെതുടർന്ന് സംസ്ഥാനത്ത് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. കേന്ദ്രീയ സെർവറിലുണ്ടായ തകരാറാണ് സേവനങ്ങൾ നിശ്ചലമാകാൻ കാരണമെന്നാണ് വിവരം. ഇതോടെ പാസ്പോർട്ട് പുതുക്കുന്നതിനും പുതിയഅപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ചൊവ്വാഴ്ച രാവിലെ മുതൽ സേവാകേന്ദ്രങ്ങളിൽ എത്തിയ നൂറുകണക്കിന് ഉപഭോക്താക്കൾ വലഞ്ഞു.
ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതും രേഖകൾ പരിശോധിക്കുന്നതുമടക്കമുള്ള നടപടികൾ പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. ദൂരസ്ഥലങ്ങളിൽനിന്ന് ജോലി ഉപേക്ഷിച്ചും മറ്റും എത്തിയവരാണ് ഏറെ പ്രയാസത്തിലായത്. വിദേശത്തേക്ക് പോകാനായി പാസ്പോർട്ട് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ എത്തിയവരും ദുരിതത്തിലായി. നടപടികൾ ഓൺലൈനിൽ ആയതിനാൽ തൊട്ടടുത്തദിവസങ്ങളിൽ ബുക്കിങ് കിട്ടില്ലായെന്നതാണ് പ്രശ്നം. ആലപ്പുഴ സേവാകേന്ദ്രത്തിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ജനങ്ങളാണ് വൈകുന്നേരംവരെ കാത്തുനിന്നശേഷം മടങ്ങിയത്. ഇത്തരം അനുഭവം ഇതാദ്യമാണെന്നാണ് അറിയുന്നത്.
അതേദിവസം ഒരുപകൽ കാത്തുനിന്നവർക്ക് തൊട്ടടുത്തദിവസം അപ്പോയ്മെൻറ് നൽകുന്നതിൽ നടപടി സ്വീകരിക്കുന്നതിൽ കൈ മലർത്തുന്ന സമീപനമാണ് അധികൃതരിൽ നിന്നുണ്ടായത്. ഇത് ഓഫിസിനകത്ത് പ്രതിഷേധത്തിനും കാരണമായി. അതിന് പിന്നാലെ മുഴുവൻസമയവും കാത്തുനിന്ന ചിലർക്ക് ബുധനാഴ്ച അവസരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

