ആലപ്പുഴ: ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയായ വിദേശപൗരനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നൈജീരിയൻ പൗരൻ എനുക അരിൻസി ഇഫെന്നയെയാണ് (34) ആലപ്പുഴ സൈബർ ക്രൈം പൊലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയത്. ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ വിദഗ്ധപരിശോധനക്ക് ഹൈടെക് സൈബർ സെല്ലിന് കൈമാറി.
നൈജീരിയൻ പൗരൻ പിടിയിലായതോടെ വിവിധ സംസ്ഥാനങ്ങളിലായി കോടികളുടെ തട്ടിപ്പാണ് പുറത്തുവന്നത്. ഇതിന് പിന്നിലും നൈജീരിയൻ സംഘം ഉൾപ്പെടുന്ന റാക്കറ്റാണെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന റാക്കറ്റുകളെ പിടികൂടാൻ വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
ഡേറ്റിങ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. ഇയാൾ അമേരിക്കയിൽ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. വാട്‍സ്‌ആപ്പിലൂടെ നിരന്തരം ചാറ്റ്ചെയ്ത് സൗഹൃദം സ്ഥാപിച്ചു. ഒടുവിൽ താൻ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന യു.എസ് ഡോളർ എക്‍സ്ചേഞ്ച് ചെയ്യാൻ ഇന്ത്യൻ രൂപ വേണമെന്നും ബോധ്യപ്പെടുത്തി പലവട്ടമായി 10 ലക്ഷം രൂപയോളം തട്ടിയെടുത്തു. വീണ്ടും 11 ലക്ഷം ആവശ്യപ്പെട്ടതനുസരിച്ച് യുവതി അയച്ചുകൊടുക്കാനെത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ വിവരം പൊലീസിൽ അറിയിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതി വലയിലായത്.