വീണ്ടും ഓൺലൈൻ തട്ടിപ്പ്; വയോധികന് നഷ്ടമായത് 8.08 കോടി
text_fieldsആലപ്പുഴ: പ്രവാസിയിൽനിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ 8.08 കോടി തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ഇടപാടുകൾ മരവിപ്പിക്കാൻ നീക്കം തുടങ്ങി. പരാതി ലഭിച്ച ഉടൻ തന്നെ സൈബർ പൊലീസ് ഇടപെട്ട് തട്ടിപ്പുകാർക്ക് അയച്ചുനൽകിയ 45 ലക്ഷം രൂപ മരവിപ്പിക്കാനായി.
മറ്റ് അക്കൗണ്ടുകൾ പരിശോധിച്ച് ഇത്തരത്തിൽ നൽകിയ തുക മരവിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇത്തരം നീക്കത്തിലൂടെ തട്ടിയെടുത്ത വലിയ തുക മരവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സൈബർ പൊലീസ്. എന്നാൽ, തട്ടിപ്പുകാരെ കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടില്ല.
ഹരിപ്പാട് സ്വദേശിയായ പ്രവാസിയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിൽനിന്ന് അഞ്ച് മാസങ്ങളിലായി 73 തവണകളിലായി 8,08,81,317 രൂപയാണ് തട്ടിയെടുത്തത്. ഇത്രയും ഇടപാടുകൾ നടന്നതിനാൽ ഓരോ ബാങ്കുകളുമായും ബന്ധപ്പെട്ട വിശദമായ അന്വേഷണമാണ് നടക്കുന്നത്. കോടികളുടെ വലിയ തട്ടിപ്പായതിനാൽ പ്രത്യേകസംഘം വേണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
എല്ലാബാങ്ക് അക്കൗണ്ടുകളും സംസ്ഥാനത്ത് പുറത്ത് നിന്നുള്ളതായതിനാൽ അന്വേഷണം രാജ്യത്തിന്‍റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരും. ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരിൽനിന്ന് ഏഴു കോടിയിലേറെ തട്ടിയ കേസ് അന്വേഷിച്ചത് ക്രൈംബ്രാഞ്ചായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലപ്പെടുത്തുമെന്നാണ് വിവരം.
പരിശോധനയിൽ തട്ടിപ്പുകാർ ഉപയോഗിച്ചത് കേരളത്തിന് പുറമെ നിന്നുള്ള ബാങ്കുകളിലെ അക്കൗണ്ടുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കണ്ടെത്തി തട്ടിപ്പുകാർ പിൻവലിക്കാത്ത പരമാവധി പണം മരവിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുശേഷം മാത്രമേ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കൂ.
വൻലാഭം വാഗ്ദാനം നൽകി തട്ടിപ്പ്
ഓഹരി നിക്ഷേപത്തിലൂടെ വൻലാഭം വാഗ്ദാനം നൽകിയാണ് ഹരിപ്പാട് സ്വദേശിയും പ്രവാസിയുമായ 73 വയസ്സുകാരനെ കബളിപ്പിച്ച് 8.08 കോടിയാണ് ഓൺലൈനായി തട്ടിയെടുത്തത്. വൻകിട കോർപറേറ്റ് ഗ്രൂപ്പിന്‍റെ പേരിനോട് സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിൽ 2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 12വരെ 73 തവണയായി പലബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണം കൈപ്പറ്റിയത്.
മുമ്പ് ഓഹരിവിപണിയിൽ നിക്ഷേപിച്ച പ്രവാസിയെ തങ്ങളുടെ സ്ഥാപനം വഴി നിക്ഷേപിച്ചാൽ വൻലാഭം ഉണ്ടാകുമെന്ന വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നിക്ഷേപിച്ച തുക കൂടുന്നതും ലാഭവിഹിതവും ഈ ഗ്രൂപ്പിലും തട്ടിപ്പുകാരുടെ വെബ്സൈറ്റിലെ അക്കൗണ്ടിലും കാണിച്ചിരുന്നു. തുടർന്നാണ് കൂടുതൽ തുക നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

