ഓൺലൈൻ തട്ടിപ്പ്: 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പൊലീസ്
text_fieldsആലപ്പുഴ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ നഷ്ടമായ 98.50 ലക്ഷം രൂപയിൽ 75 ലക്ഷം രൂപ അതിവേഗ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് ആലപ്പുഴ സൈബർ ക്രൈം പൊലീസ്. അരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറൈൻ എക്സ്പോർട്ട് കമ്പനിയുടെ അക്കൗണ്ട്സ് മാനേജറുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ആൾമാറാട്ടം നടത്തിയ തട്ടിപ്പുകാർ കഴിഞ്ഞ ജൂലൈ 24 ന് 98.50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
സംഭവം ഉടൻ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതോടെ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴിയും പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. ആലപ്പുഴ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രതീപിന്റെ നിർദേശപ്രകാരം, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ തട്ടിയെടുത്ത തുകയിൽ 75 ലക്ഷം ഇൻഡസ് ഇൻഡ് ബാങ്കിന്റെ ന്യൂഡൽഹിയിലെ വികാസ് നഗർ ശാഖയിലെ ഒരു കറന്റ് അക്കൗണ്ടിൽ മരവിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലൂടെ ആവശ്യമായ നിയമനടപടി സ്വീകരിച്ചു. കഴിഞ്ഞ ആഴ്ച അന്വേഷണസംഘം ഡൽഹിയിലെത്തി ബാങ്ക് അധികൃതരെ നേരിൽ കണ്ട് കോടതി ഉത്തരവുകൾ കൈമാറുകയും പണം തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 75 ലക്ഷം രൂപ കഴിഞ്ഞ ദിവസം നഷ്ടം സംഭവിച്ച കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തി.
ഈ കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു അന്വേഷണം ഉർജിതമാക്കിയിട്ടുണ്ട്. പ്രതികൾ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ടുകളും തട്ടിയെടുത്ത പണം വിഭജിച്ചു വിതരണം നടത്തിയ അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്. ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സി.എസ്. ശരത്ചന്ദ്രൻ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ബി. ബിജു, എം. അജയകുമാർ സിവിൽ പൊലീസ് ഓഫിസർ വിദ്യ ഓമനക്കുട്ടൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പണം വീണ്ടെടുക്കുന്നതിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

