‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; ആലപ്പുഴ മുന്നിൽ
text_fieldsആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയിൽ 100.16 ശതമാനം പൂർത്തീകരിച്ച് ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തി.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഒമ്പത് മാസംകൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. സംസ്ഥാനത്ത് പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല, ആദ്യ താലൂക്ക്, ആദ്യ ബ്ലോക്ക് എന്നീ നേട്ടങ്ങളും ആലപ്പുഴക്ക് സ്വന്തമാണ്.
ജില്ലയിൽ 9,666 സംരംഭം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെയും ഏജൻസികളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 9,681 സംരംഭമാണ് ആരംഭിച്ചത്. 512 കോടിയുടെ നിക്ഷേപവും 20,586 പേർക്ക് തൊഴിലും ലഭ്യമായി.
ഇതുവരെ ആരംഭിച്ച സംരംഭങ്ങളിൽ 19 ശതമാനം ഉൽപാദന മേഖലയിലും 35 ശതമാനം സേവന മേഖലയിലും 46 ശതമാനം വ്യാപാര മേഖലയിലുമാണ്. 43 ശതമാനം (4186 പേർ) വനിത സംരംഭകർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
ജില്ലയിലെ ആറ് താലൂക്കിൽ മൂന്നും 12 ബ്ലോക്കിൽ ഏഴും ആറ് നഗരസഭയിൽ അഞ്ചും 72 പഞ്ചായത്തിൽ 51ഉം ഒമ്പത് നിയമസഭമണ്ഡലത്തിൽ ആറും 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ചു. സംസ്ഥാനത്ത് 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ താലൂക്കും ബ്ലോക്കും നിയോജകമണ്ഡലവും മാവേലിക്കരയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ബ്ലോക്ക് ഭരണിക്കാവും ആദ്യ താലൂക്ക് ചെങ്ങന്നൂരുമാണ്. ഏറ്റവും കൂടുതൽ പദ്ധതി ലക്ഷ്യം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളും (56 എണ്ണം) കൂടുതൽ പദ്ധതി ലക്ഷ്യം കൈവരിച്ച ഇന്റേൺസും (86 പേരിൽ 63 പേർ) ജില്ലയിലാണ്. വ്യവസായ മേഖലക്ക് അനുയോജ്യമല്ല ജില്ലയെന്ന അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളെ പൂർണമായും തള്ളുന്നതാണ് നേട്ടം.
ജില്ലതല പ്രഖ്യാപനം കലക്ടർ നിർവഹിച്ചു
ആലപ്പുഴ: ‘ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ’ പദ്ധതിയിൽ 100 ശതമാനം പൂർത്തീകരിച്ചതിന്റെ ജില്ലതല പ്രഖ്യാപനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലതല മോണിറ്ററിങ് കമ്മിറ്റി അധ്യക്ഷൻകൂടിയായ കലക്ടർ വി.ആർ. കൃഷ്ണ തേജ നിർവഹിച്ചു. ജീവനക്കാരും വിവിധ സംഘടന പ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ, ലീഡ് ബാങ്ക് മാനേജർ അരുൺകുമാർ, ജില്ല വ്യവസായ കേന്ദ്രം മാനേജർ അഭിലാഷ്, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, ജില്ല സെക്രട്ടറി ടി.വി. ബൈജു, കെ.എസ്.എസ്.ഐ.എ ജില്ല സെക്രട്ടറി മുജീബ് റഹ്മാൻ, പി. ജയമോൻ, ബിജു മോഹനൻ, എസ്. ജീവൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

