പൂവിളിയായി; നാട് ഓണപ്പൊലിമയിലേക്ക്
text_fieldsഅത്തം പിറന്നതോടെ പൂക്കളമിടാൻ പൂപറിക്കുന്ന കുട്ടി. ആലപ്പുഴ കൈനകരി
കുട്ടമംഗലത്തുനിന്നുള്ള കാഴ്ച
ആലപ്പുഴ: അത്തം പിറന്നതോടെ പൊന്നിൻചിങ്ങത്തിന് പൂപ്പട്ടുചാർത്തി ഓണത്തെ വരവേൽക്കാൻ ഗ്രാമങ്ങളും നഗരങ്ങളും ഒരുങ്ങി. അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള വരവ് പൂക്കൾക്കൊപ്പം നാടൻപൂക്കളും വിപണിയിലുണ്ട്. ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലാണ് പൂക്കളൂടെ നിറക്കാഴ്ചയുള്ളത്. പൂക്കളിൽ തിളങ്ങുന്നത് കഞ്ഞിക്കുഴിയിലെ നാടൻ പൂക്കളാണ്. മഞ്ഞ, ഓറഞ്ച്, വെള്ള നിറത്തിലുള്ള ചെണ്ടുമല്ലിയും വാടാമുല്ലയുമാണ് നാടനിൽ താരങ്ങൾ.
ആലപ്പുഴ നഗരസഭയിലും കഞ്ഞിക്കുഴിയിലും പൂകൃഷിയുണ്ട്. ചെണ്ടുമല്ലിയുടെ മഞ്ഞ, ഓറഞ്ച് നിറങ്ങളിലെ പൂക്കളാണ് ഏറെയും. നഗരസഭയുടെ വിവിധ വാർഡുകളിൽ സജ്ജമാക്കിയ കൃഷിയിടങ്ങളിൽനിന്നും പൂക്കൾ വാങ്ങാൻ സൗകര്യമുണ്ട്. അതത് ദിവസത്തെ മാർക്കറ്റ് വിലയാണ് ഈടാക്കുന്നത്. നാടൻ പൂക്കൾ കൃഷി ചെയ്യുന്നവരിൽ കുടുംബശ്രീ പോലുള്ള കർഷക്കൂട്ടങ്ങളുണ്ട്.
കൃഷിഭവനുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും ഓണത്തെ വരവേൽക്കാൻ ഇക്കുറി പൂകൃഷി ഒരുക്കിയിട്ടുണ്ട്. അന്തർസംസ്ഥാനങ്ങളിൽനിന്നാണ് ഏറെയും പൂക്കൾ ജില്ലയിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ തെങ്കാശ്ശി, മധുര, തോവാള, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് ജില്ലയിലേക്ക് പൂക്കൾ കൂടുതലായി എത്തുന്നത്.
ബന്ദി, അരളി, ജമന്തി, വാടാമല്ലി, റോഡ്, പിച്ചി പൂക്കളാണ് കൂടുതലായും വിപണിയിലുള്ളത്. ചെണ്ടുമല്ലിക്ക് കിലോക്ക് 150 രൂപയാണ് വില. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുണ്ട്. വാടമുല്ല- 300, വെള്ള ജമന്തി- 500-600, പിങ്ക് അരളി- 380-400, അരളി (വെള്ള, ചുവപ്പ്)- 600 എന്നിങ്ങനെയാണ് നിരക്ക്. അരമീറ്റർ മുല്ലപ്പൂവിന് 50-60 രൂപയാണ് വില. നാട്ടുമ്പുറങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്ന ശതാവരിക്ക് ഒരുകെട്ടിന് 150 രൂപയാണ് വില.
മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ജമന്തി പൂക്കൾക്ക് പല വിലയാണ്. ഈ ഇനങ്ങളുടെ ചില്ലറ വിൽപനയാണ് കൂടുതൽ. ലഭ്യതയും പൊലിമയും കാരണം കൂടുതലായി വിറ്റുപോകുന്നതും ഇവയാണ്. ചുവപ്പ് റോസാണ് (ചില്ലി റെഡ്) പൂക്കളിലെ താരം. കിലോ 400 രൂപയാണ് വില. വിവിധ ഇലകളും പൂവിപണിയിൽ അതിഥിതാരങ്ങളായിട്ടുണ്ട്. ബട്ടൺ റോസും പനിനീർ റോസുമുണ്ട്. ഓണം അടുക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

