ഓണം പൊന്നോണമാക്കാൻ വിപണികൾ സജീവം
text_fieldsഓണത്തോടനുബന്ധിച്ച് ഞായറാഴ്ച മുല്ലക്കല്‍ തെരുവിലെ തിരക്ക്
ആലപ്പുഴ: ഓണം പൊന്നോണമാക്കാൻ വിപണികൾ സജീവമായി. ഗൃഹോപകരണങ്ങൾ മുതൽ തുണിത്തരങ്ങൾക്ക് വരെ പ്രത്യേക ഓഫറുകളും സമ്മാന പദ്ധതികളുമായി കമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു. ഖാദിമേളകളും പ്രത്യേക വിലക്കിഴിവുകളുമായി ഹാൻടെക്സുകളും സപ്ലൈകോ വിപണികളും അടുത്തദിവസം മുതൽ സജീവമാകും. വസ്ത്ര സ്ഥാപനങ്ങളിൽ പുതിയ ഇനം തുണിത്തരങ്ങളുടെ ശേഖരം എത്തിക്കഴിഞ്ഞു. ഓണത്തിരക്ക് ഒഴിവാക്കാൻ നഗരങ്ങളിലെ വിവിധ വസ്ത്ര സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ തിരക്കാരംഭിച്ചു.
മുല്ലക്കൽത്തെരുവിൽ ഇതര സംസ്ഥാനക്കാർ വസ്ത്രശേഖരങ്ങളുമായി വഴിയോരം കൈയ്യടക്കി. വിവിധതരം ഷർട്ടുകൾ, ടീ ഷർട്ടുകൾ, പാന്റ്, മുണ്ടുകൾ തുടങ്ങിയവ വിലക്കുറവിൽ വിൽപ്പന നടത്തുന്ന തന്ത്രങ്ങളുമായാണ് ഇതരസംസ്ഥാനത്തുനിന്ന് കൊച്ചുകുട്ടികൾ ഉൾപ്പെടെ കുടുംബം തെരുവോരം കൈയ്യടക്കിയിരിക്കുന്നത്. പൂവ്, പച്ചക്കറി, പലചരക്ക് വിപണികളെല്ലാം അടുത്തദിവസങ്ങളിൽ സജീവമാകും. ഓണം ആഘോഷമാക്കാൻ കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ സമാഹരിച്ച ഓണഫണ്ടുകൾ സാധാരണക്കാർക്ക് ഏറെ ആശ്വാസമായി. ആഴ്ചകൾ തോറും നിശ്ചിത തുക സമാഹരിച്ച് ഓണത്തിന് മുമ്പായി ഒന്നിച്ച് അംഗങ്ങൾക്ക് തിരികെ നൽകുന്നതാണ് ഫണ്ട്.
അടുത്ത ആറിനാണ് അത്തം. അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കൾ പ്രധാനമായും തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. എന്നാൽ ചേർത്തല, കഞ്ഞിക്കുഴി പ്രദേശങ്ങളിലും ഇത്തവണ ഓണവിപണി ലക്ഷ്യമിട്ട് പൂ കൃഷി വ്യാപകമായിരുന്നു. ചിങ്ങം പിറന്നതോടെ വിവാഹങ്ങൾക്കും ക്ഷേത്ര ചടങ്ങുകൾക്കും ഉപയോഗം കൂടിയതോടെ വിപണിയിൽ പൂക്കളുടെ വില വർധിച്ചിട്ടുണ്ട്. അത്തം പിറക്കുന്നതോടെ പൂക്കളുടെ വിലയിൽ ഇനിയും വർധനവ് ഉണ്ടാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. തക്കാളി, മുരിങ്ങക്ക, ഏത്തക്ക, ചേന എന്നിവയുടെ വില വരും ദിവസങ്ങളിൽ ഉയരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ.
ഓണച്ചന്തകള്‍ ഉത്രാടം വരെ
ഓണം പ്രമാണിച്ച് സപ്ലൈകോ ജില്ല ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും ചന്തകൾ തുടങ്ങും. ഉത്രാട ദിനം വരെ ചന്തകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാവുന്നതാണ്. എല്ലാ ചന്തകളിലും കുടുംബശ്രീ, മിൽമ, ഹോർട്ടികോർപ് ഉൽപന്നങ്ങൾ ഉണ്ടാകും. സബ്സിഡിയിൽ ലഭിക്കുന്ന സാധനങ്ങൾ കൂടാതെ സബ്സിഡി ഇതര ഉൽപന്നങ്ങള് ഓഫറുകളില്‍ മേളയില്‍ ലഭ്യമാക്കുന്നുണ്ട്. താലൂക്കുകളിൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ചന്തകളായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കുറുവ അരി, കടല, തുവര, വെളിച്ചെണ്ണ എന്നിവ ചന്തകളില്‍ ആവശ്യത്തിന് ലഭ്യമായേക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ അടക്കം എല്ലാ ഉല്പന്നങ്ങളും മേളയില്‍ ലഭ്യമാക്കാനുളള തീവ്രശ്രമത്തിലാണ് സപ്ലൈകോ അധികൃതര്‍. സ്റ്റോറുകളില്‍ കുറച്ചു നാളുകളായി ഇല്ലാതിരുന്ന പഞ്ചസാര ഓണച്ചന്തകളില്‍ എത്തിക്കാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
വിലക്കയറ്റം നിയന്ത്രിക്കും
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറി ഉൽപ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില നിയന്ത്രിക്കുന്നതിന് കർശനമായി വിപണിയില്‍ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചിട്ടുണ്ട്. കലക്ടറുടെ മേല്‍നോട്ടത്തില്‍ ജില്ല താലൂക്ക് സപ്ലൈ ഓഫിസർമാർ, എ.ഡി.എം, ആർ.ഡി.ഒ, അസി. കലക്ടർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനകൾ നടത്തുക. റവന്യു, പൊലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനക്ക് ജില്ലാടിസ്ഥാനത്തില്‍ സംയുക്ത സ്ക്വാഡ് ഉണ്ടാകും.
ഓണക്കിറ്റുകള്‍ നൽകും
ജില്ലയിലെ എല്ലാ മഞ്ഞ കാർഡുകാർക്കും സൗജന്യ ഓണക്കിറ്റുകൾ ലഭ്യമാകും. അനാഥാലയങ്ങൾ, വയോജനകേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്കും ഓണക്കിറ്റുകൾ ലഭിക്കും. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നിവ തുണിസഞ്ചിയിലാക്കി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

