ഒരിക്കൽ സിനിമാ പ്രേമികളെ ഹരം കൊള്ളിച്ച പഴയകാല സിനിമകൾ വീണ്ടും എത്തുന്നു
text_fieldsആലപ്പുഴ ബീച്ചിൽ എന്റെ കേരളം പവിലിയനിലെ മിനി തിയറ്ററിൽ മലയാളം ക്ലാസിക് സിനിമ പ്രദർശിപ്പിച്ചപ്പോൾ
ആലപ്പുഴ: ഒരിക്കല്‍ക്കൂടി തിയറ്റിൽ കാണണമെന്ന് കൊതിക്കുന്ന പഴയ ക്ലാസിക്, ഹിറ്റ് സിനിമകളുടെ ഓർമകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആലപ്പുഴ ബീച്ചിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ജനപ്രിയ സിനിമകള്‍ വീണ്ടുമെത്തുന്നത്. ലോകസിനിമക്ക് മലയാളം സമ്മാനിച്ച ക്ലാസിക് ചിത്രങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചെമ്മീനും കൊടിയേറ്റവും നിർമാല്യവും സ്വയംവരവും പെരുന്തച്ചനും തുടങ്ങിയ എവര്‍ഗ്രീന്‍ ക്ലാസിക്കുകള്‍ മുതല്‍ ഗോഡ്ഫാദറും കിരീടവും പ്രാഞ്ചിയേട്ടനും വരെയുള്ള ജനപ്രിയ സിനിമകളാണ് ഏറെയും.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് (കെ.എസ്.എഫ്.ഡി.സി) ഇതാദ്യമായി എന്റെ കേരളം പ്രദര്‍ശനമേളയില്‍ മിനി തിയറ്റര്‍ അനുഭവം ഒരുക്കിയത്. 21.5 അടി നീളവും 11.5 അടി ഉയരവുമുള്ള എൽ.ഇ.ഡി സ്ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിർമിച്ച താൽക്കാലിക മിനി തിയറ്ററിൽ ഒരേസമയം 70ലധികം പേർക്ക് സിനിമ ആസ്വദിക്കാം.
സംവിധായകൻ ഷാജി എൻ. കരുൺ അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കും പ്രദർശിപ്പിച്ചു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ഒഴിമുറി, തനിയാവർത്തനം, ന്യൂസ് പേപ്പര്‍ ബോയ്, എലിപ്പത്തായം, അനുഭവങ്ങള്‍ പാളിച്ചകള്‍, കുമ്മാട്ടി, വൈശാലി, 1921, ഭൂതക്കണ്ണാടി, കാവ്യമേള, ബി 32 മുതല്‍ 44 വരെ, നിഷിദ്ധോ, നഖക്ഷതങ്ങള്‍ തുടങ്ങി നിരവധി സിനിമകളാണ് ഈമാസം 12 വരെ നടക്കുന്ന മേളയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

